Lionel Messi

"എതിരാളികളാരെന്നു ശ്രദ്ധിക്കുന്നില്ല"- യൂറോപ്യൻ ടീമുകൾക്കെതിരെ മത്സരിക്കുന്നതിനെ കുറിച്ച് ലയണൽ മെസി

Sreejith N
Messi Comments On Duel Against European Teams
Messi Comments On Duel Against European Teams / Chris Brunskill/Fantasista/GettyImages
facebooktwitterreddit

സൗത്ത് അമേരിക്കൻ ടീമുകൾ വളരെ നിലവാരമുള്ള മത്സരങ്ങൾ കളിക്കുന്നില്ലെന്നും അതിനാൽ ലോകകപ്പിൽ അവർക്കു സാധ്യത കുറവാണെന്നും ഏതാനും ദിവസങ്ങൾക്കു മുൻപ് കിലിയൻ എംബാപ്പെ അഭിപ്രായപ്പെട്ടത് നിരവധി ചർച്ചകൾക്കു വഴിവെച്ച കാര്യമാണ്. നിരവധി സൗത്തമേരിക്കൻ താരങ്ങൾ എംബാപ്പയുടെ പരാമർശം നീതിയുക്തമായ ഒന്നല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിയെ കീഴടക്കിയതിനു ശേഷം ഇതേക്കുറിച്ച് അർജന്റീന നായകൻ ലയണൽ മെസി യൂറോപ്യൻ ടീമുകളുമായി ഏറ്റുമുട്ടുന്നതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ആരാണ് മുന്നിൽ വരുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നില്ലെന്നു പറഞ്ഞ മെസി എല്ലാ മത്സരത്തിലും ഒരേ തലത്തിലുള്ള പ്രകടനം നടത്താനാണ് അർജന്റീന ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

"അവരെ എതിരാളികളായി വേണമോയെന്ന് എനിക്കറിയില്ല. ഞങ്ങൾ ആരാണെന്ന് അറിയുന്നതിനാൽ തന്നെ എതിരാളികൾ ആരാണെന്ന് ശ്രദ്ധിക്കുന്നില്ല. ഞങ്ങൾ എല്ലാ മത്സരവും ഒരേ രീതിയിലാണ് കളിക്കുന്നത്, പക്ഷെ ഇതൊരു മികച്ച പരീക്ഷ ആയിരുന്നു, കാരണം ഇറ്റലി ഒരു മഹത്തായ ടീമാണ്." മെസി ടൈക്സ്പോർട്സിനോട് പറഞ്ഞു.

ഇറ്റലിക്കെതിരായ മത്സരത്തിൽ ആദ്യഗോൾ പിറക്കുന്നതു വരെ തുല്യമായ പോരാട്ടമാണ് നടന്നതെന്നും മെസി പറഞ്ഞു. "ആദ്യഗോൾ വരെ തുല്യമായ പോരാട്ടമായിരുന്നു. അവർ മികച്ച ടീമാണെന്നതിനു പുറമെ ജോർജിന്യോയെ നിയന്ത്രിക്കാൻ ഞങ്ങൾ ബുദ്ധിമുട്ടി. താരം ഒറ്റക്ക് സൃഷ്‌ടിച്ച സമ്മർദ്ദം പോലും ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആദ്യ ഗോളിനു ശേഷം മത്സരം ആകെ മാറി."

കൂടുതൽ കൂടുതൽ വളരാനാണ് അർജന്റീന ടീം ശ്രമിക്കുന്നത് എന്നും മെസി പറഞ്ഞു. ഞങ്ങൾ ഏറ്റവും മികച്ച ടീമല്ലെന്ന് സ്വയം പറഞ്ഞു കൊണ്ട് അതിലേക്ക് എത്താനും കൂടുതൽ മികച്ച പ്രകടനം നടത്താനുമാണ്‌ ശ്രമിക്കുന്നതെന്നും ഏതൊരു എതിരാളിയെയും നേരിടാമെന്ന ആത്മവിശ്വാസമുണ്ടെന്നും മെസി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit