Football in Malayalam

മെസി പി എസ് ജി യിലേക്ക് വരുമെന്നത് ഒരു സ്വപ്നമായിരുന്നു; തുറന്ന് പറഞ്ഞ് ഫ്രഞ്ച് ക്ലബ്ബിന്റെ അർജന്റൈൻ താരം പരെഡെസ്

By Gokul Manthara
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / MAURO PIMENTEL/Getty Images
facebooktwitterreddit

ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി തുടർന്ന് ഫ്രഞ്ച് ക്ലബ്ബായ പാരീs സെന്റ് ജെർമ്മനിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകൾ കഴിഞ്ഞയിടക്ക് ശക്തമായിരുന്നു‌. പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫിയും, ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയൊണാഡോയും മെസിയെ ടീമിലെത്തിക്കാനുള്ള തങ്ങളുടെ താല്പര്യം ഈ വർഷമാദ്യം പരസ്യമാക്കുകയും ചെയ്തു. എന്നാൽ മെസി ബാഴ്സലോണയുമായി പുതിയ കരാർ കാര്യത്തിൽ ധാരണയിലെത്തിയെന്നും അദ്ദേഹം ഉടൻ തന്നെ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പിടുമെന്നും കഴിഞ്ഞയാഴ്ച സ്ഥിരീകരിക്കപ്പെട്ട വാർത്തകൾ പുറത്ത് വന്നതോടെ അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള പി എസ് ജിയുടെ സാധ്യതകൾക്കും അവസാനമായി.

മെസി 2021-22 സീസണിൽ പി എസ് ജി യിൽ കളിച്ചേക്കുമെന്ന വാർത്ത കഴിഞ്ഞ സീസണിൽ ക്ലബ്ബിലെ താരങ്ങൾക്കും വലിയ ആവേശം പകർന്നിരുന്നു. ഇപ്പോളിതാ മെസി ബാഴ്സയിൽ തുടരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അതേക്കുറിച്ച് മനസ് തുറന്ന് പി എസ് ജിയുടെ അർജന്റൈൻ സൂപ്പർ താരം ലിയാൻഡ്രോ പരെഡെസ് രംഗത്തെത്തിയിരിക്കുന്നു.

മെസി പി എസ് ജി യിലേക്ക് വന്നേക്കുമെന്ന് വാർത്തകൾ വന്നപ്പോൾ ക്ലബ്ബിൽ ഇതുമായി ബന്ധപ്പെട്ട് ധാരാളം സംസാരം ഉയർന്നിരുന്നുവെന്ന് പറയുന്ന പരെഡെസ്, അടുത്ത സീസണിൽ മെസി തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് സങ്കൽപ്പിക്കുന്നത് ഒരു സ്വപ്നമായിരുന്നുവെന്നും ഇ എസ് പി എന്നിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

"അതെ, ലിയോ പാരീസിലേക്ക് വന്നേക്കാമെന്ന് വ്യക്തമായതോടെ ക്ലബ്ബിൽ ഇതുമായി ബന്ധപ്പെട്ട് ഏറെ സംസാരങ്ങൾ നടന്നിരുന്നു. അടുത്ത സീസണിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് സങ്കൽപ്പിക്കുന്നത് ഒരു സ്വപ്നമായിരുന്നു‌. പക്ഷേ അത് സംഭവിച്ചില്ല. ഇപ്പോൾ കളിക്കുന്നിടം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു." പരെഡെസ് പറഞ്ഞു നിർത്തി‌.

അതേ‌ സമയം കഴിഞ്ഞ മാസത്തോടെ ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച മെസി ക്ലബ്ബുമായി അഞ്ചു വർഷത്തെ പുതിയ കരാറിൽ ഒപ്പു വെക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ. ക്ലബ്ബ് കനത്ത സാമ്പത്തിക പ്രതിസന്ധി യിലൂടെ കടന്നു‌പോകുന്നതിനാൽ പുതിയ കരാറിൽ തന്റെ ശമ്പളത്തിന്റെ 50 ശതമാനം വെട്ടിക്കുറക്കാൻ അദ്ദേഹം തയ്യാറായെന്നും റിപ്പോർട്ടുകളുണ്ട്‌.

facebooktwitterreddit