Football in Malayalam

മെസി ശാന്തനായി തുടരുന്നു, ഒരു മോശം പ്രകടനം എല്ലായിപ്പോഴും ടീമിനു സംഭവിക്കില്ലെന്ന് പോച്ചട്ടിനോ

Sreejith N
FBL-FRA-LIGUE1-PSG-TRAINING
FBL-FRA-LIGUE1-PSG-TRAINING / BERTRAND GUAY/Getty Images
facebooktwitterreddit

ക്ലബ് ബ്രുഗെക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വമ്പൻ താരനിരയുമായി ഇറങ്ങിയ പിഎസ്‌ജി സമനില വഴങ്ങിയതു കൊണ്ട് അതെല്ലായിപ്പോഴും സംഭവിക്കണമെന്നില്ലെന്ന് പരിശീലകൻ പോച്ചട്ടിനോ. ടീമിന് ഐക്യം കണ്ടെത്താൻ കഴിയാത്തതു കൊണ്ടാണ് മെസി, നെയ്‌മർ, എംബാപ്പെ എന്നിവരുമായി ഇറങ്ങിയിട്ടും ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സമനില വഴങ്ങാൻ കാരണമായതെന്നും ഏതാനും മത്സരങ്ങൾ കളിക്കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

"ക്ലബ് ബ്രൂഗേക്കെതിരെ ഞങ്ങൾക്ക് ഐക്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശരാശരിയിലും താഴെയുള്ള പ്രകടനം ഒരിക്കൽ സംഭവിച്ചതു കൊണ്ട് അതെപ്പോഴും സംഭവിക്കണമെന്നില്ല. അതു ഭാവിയിലും സംഭവിക്കണമെന്നില്ല. പലതരം ശൈലിയിൽ കളിപ്പിക്കുകയെന്നത് ഒരു സാധ്യതയാണ്. എന്നാൽ മാറ്റങ്ങൾ ഫോർമേഷനെയും താരങ്ങളുടെ ലഭ്യതയും അനുസരിച്ചിരിക്കും." പോച്ചട്ടിനോ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രൂഗേക്കെതിരെ പരിക്കു പറ്റിയ എംബാപ്പെ, പിഎസ്‌ജിക്ക് വേണ്ടിയുള്ള രണ്ടാമത്തെ മത്സരത്തിലും ഗോൾ നേടാൻ കഴിയാതിരുന്ന മെസി എന്നിവയെക്കുറിച്ചും പോച്ചട്ടിനോ പറഞ്ഞു. "എംബാപ്പെ ടീമിനൊപ്പം പരിശീലനം നടത്തിയെങ്കിലും ഞങ്ങൾ മുൻകരുതലുകൾ എടുക്കുന്നുണ്ട്. താരത്തിന്റെ പുരോഗമനത്തിൽ സന്തോഷമുണ്ടെങ്കിലും അവസാന നിമിഷമേ കളിക്കുമോയെന്നു തീരുമാനിക്കൂ."

"മെസി ശാന്തനായി തുടർന്ന്. ഹോം ഗ്രൗണ്ടിലുള്ള അരങ്ങേറ്റമാണ് ഇതെന്നറിയാവുന്നതു കൊണ്ടു തന്നെ ഈ മത്സരം വളരെ പ്രത്യേകത ഉള്ളതാണെന്ന് താരത്തിനറിയാം. എന്നാൽ ടീം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ചാമ്പ്യൻസ് ലീഗിൽ നടത്തിയതിൽ നിന്നും മെച്ചപ്പെട്ട പ്രകടനവും, വിജയവുമാണ്." പോച്ചട്ടിനോ വ്യക്തമാക്കി.

റയൽ മാഡ്രിഡിൽ നിന്നും ടീമിലെത്തിയ സെർജിയോ റാമോസ് എന്നാണു കളിക്കളത്തിൽ തിരിച്ചെത്തുകയെന്ന കാര്യം ഇതുവരെയും തീരുമാനമായിട്ടില്ലെന്നും പോച്ചട്ടിനോ പറഞ്ഞു. ഫ്രഞ്ച് ലീഗിലെ കരുത്തരായ ലിയോണിനെയാണ് ഇന്ന് രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ പിഎസ്‌ജി നേരിടുന്നത്. ടീമിന് ബാലൻസ് കണ്ടെത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും പോച്ചട്ടിനോ കൂട്ടിച്ചേർത്തു.

facebooktwitterreddit