FC Barcelona News

ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സെന്ന നേട്ടം തികച്ച് മെസി, ഓൺലൈൻ അധിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ സന്ദേശം

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

സാമൂഹ്യമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ തന്നെ പിന്തുടരുന്ന ആരാധകർക്ക് ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കാനുള്ള സന്ദേശം നൽകി ലയണൽ മെസി. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള വംശീയവും അല്ലാതെയുമുള്ള അധിക്ഷേപം രൂക്ഷമായിക്കൊണ്ടിരിക്കെ ഇംഗ്ലീഷ് ക്ലബുകളും വിവിധ ലീഗ് നേതൃത്വവും സോഷ്യൽ മീഡിയ ബഹിഷ്കരിച്ച് അതിനെതിരെ പ്രതികരിക്കുന്ന സാഹചര്യത്തിലാണ് മെസിയുടെ സന്ദേശം.

"ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സിലേക്കെത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ആഘോഷിക്കാനുള്ള കാരണമാക്കി ഞാനതിനെ എടുക്കുന്നില്ല. എല്ലാ പ്രൊഫൈലിനു പിന്നിലുമുള്ളവരും ഓരോ അക്കൗണ്ടിനു പിന്നിലും ഒരു മനുഷ്യന്റെ രക്തവും മാംസവുമുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്."

"നമ്മൾ ഒരുമിച്ചാണ് അധിക്ഷേപങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്. എല്ലാ നെറ്റ് വർക്കിലും ഓരോ സമയത്തും അത് മോശമായി കൊണ്ടിരിക്കയാണ്, ആരും അതിനെ തടുക്കാൻ യാതൊന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ എന്നെ പിന്തുടരുന്ന 200 മില്യൺ ആളുകളും സോഷ്യൽ മീഡിയ നെറ്റ് വർക്കിനെ സുരക്ഷിതമാക്കാനുള്ള പ്രചോദനം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു." മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിനെ ഇല്ലാതാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രീമിയർ ലീഗ് ക്ലബുകൾ, ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ, ഇംഗ്ലീഷ് ഫുട്ബോൾ ലീഗ്, വിമൻസ് ഫുട്ബോൾ ലീഗ് എന്നിവർ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സാമൂഹ്യ മാധ്യമങ്ങൾ ബഹിഷ്കരിച്ചിരിക്കുകയാണ്. യുവേഫയും യൂറോപ്യൻ ക്ലബ് അസോസിയേഷനും ഇവർക്കൊപ്പം ചേർന്നിരുന്നു.

facebooktwitterreddit