Football in Malayalam

"പ്രതിഭാസമാണ് എമിലിയാനോ"- അർജന്റൈൻ ഗോൾകീപ്പറെ പ്രശംസ കൊണ്ടു മൂടി ലയണൽ മെസി

Sreejith N
FBL-2021-COPA AMERICA-ARG-COL
FBL-2021-COPA AMERICA-ARG-COL / EVARISTO SA/Getty Images
facebooktwitterreddit

ഷൂട്ടൗട്ടിലേക്ക് നീണ്ട കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിൽ മൂന്നു കൊളംബിയൻ താരങ്ങളുടെ കിക്കുകൾ തടഞ്ഞിട്ട് അർജന്റീനയെ വിജയത്തിലേക്കു നയിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ പ്രശംസിച്ച് നായകൻ ലയണൽ മെസി. കോപ്പ അമേരിക്കക്കു മുൻപു നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആദ്യമായി അർജന്റീനക്കു വേണ്ടിയിറങ്ങി ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ താരത്തെ പ്രതിഭാസമെന്നാണ് മെസി വിശേഷിപ്പിച്ചത്.

ആഴ്‌സണൽ, ആസ്റ്റൺ വില്ല എന്നീ ക്ലബുകളിൽ കഴിഞ്ഞ സീസണുകളിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ ഭാഗമായി അർജന്റീന ടീമിലിടം നേടിയ ഇരുപത്തിയെട്ടുകാരനായ മാർട്ടിനസ് ഡേവിൻസൺ സാഞ്ചസ്, യെറി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ കിക്കുകൾ ഷൂട്ടൗട്ടിൽ തടുത്തിട്ടാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. താരത്തെ പ്രശംസിച്ചതിനൊപ്പം അർജന്റീനയുടെ വിജയത്തെക്കുറിച്ചും മെസി പറഞ്ഞു.

"ചില സമയങ്ങളിൽ മത്സരം ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ ഒരു പ്രതിഭാസമായി എമി ഞങ്ങൾക്കൊപ്പമുണ്ട്. താരത്തെക്കുറിച്ച് ഞങ്ങൾക്ക് ആത്മവിശ്വാസവുമുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കളിക്കുകയെന്ന ലക്‌ഷ്യത്തിലെത്തിയ ഞങ്ങൾ ഫൈനലിലേക്ക് മുന്നേറിക്കഴിഞ്ഞു."

"മത്സരം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും ഞങ്ങൾ ശ്രമിച്ചതു കൊണ്ട് തന്നെ ഈ വിജയം ഞങ്ങൾ അർഹിക്കുന്നു. കഴിഞ്ഞ കോപ്പയിൽ ഞങ്ങളുടെ കരുത്തു കാണിക്കാനും നല്ലൊരു ഇമേജ് ഉണ്ടാക്കിയെടുക്കാനും ടീമിനു കഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ ഫൈനൽ കളിക്കാൻ പോവുകയാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് മെസി പറഞ്ഞു.

പരിശീലകനായ സ്‌കലോണിയും ആസ്റ്റൺ വില്ല താരത്തെ അഭിനന്ദിക്കുകയുണ്ടായി. മാർട്ടിനസ് പെനാൽറ്റികൾ തടഞ്ഞതു കൊണ്ടു മാത്രമല്ല തനിക്ക് സന്തോഷം തോന്നുന്നതെന്നും മറിച്ച് ടീമിന് താരം സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നാണ് സ്‌കലോണിയുടെ അഭിപ്രായം. പ്രതിരോധ താരങ്ങൾ അതിനെ സഹായിക്കുന്നുണ്ടെന്നും അർജന്റീന പരിശീലകൻ കൂട്ടിച്ചേർത്തു.

facebooktwitterreddit