Football in Malayalam

ഒരു വർഷത്തിനിടെ മെസി തകർത്തത് പെലെയുടെ മൂന്നു റെക്കോർഡുകൾ

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / Sebastian Frej/MB Media/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗെക്കെതിരെ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയപ്പോൾ അതിൽ രണ്ടു ഗോളുകളും പിറന്നത് ലയണൽ മെസിയുടെ കാലുകളിൽ നിന്നുമായിരുന്നു. ഈ ഗോളുകളോടെ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ പെലെ തന്റെ കരിയറിൽ നേടിയിട്ടുള്ള ഗോളുകളുടെ എണ്ണത്തെ മറികടക്കാൻ മെസിക്കു കഴിഞ്ഞിരുന്നു.

പ്രൊഫെഷണൽ കരിയറിൽ ക്ലബിനും രാജ്യത്തിനായി പെലെ 757 ഗോളുകളാണ് നേടിയിട്ടുള്ളതെന്നാണ് ഔദ്യോഗികമായ കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രൂഗെക്കെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ടീമിന്റെ നാലാമത്തെ ഗോളും തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തിയ ലയണൽ മെസി അതിലൂടെ നേടിയത് തന്റെ 758ആമത്തെ കരിയർ ഗോളായിരുന്നു. 801 ഗോളുകൾ നേടിയ റൊണാൾഡോ മാത്രമാണ് മെസിക്കു മുന്നിലുള്ളത്.

അതേസമയം ഈ നേട്ടമടക്കം ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പെലെയുടെ മൂന്നു റെക്കോർഡുകളാണ് മെസി തകർത്തിട്ടുള്ളത്. കരിയർ ഗോളുകളുടെ എണ്ണത്തിൽ പെലെയെ മറികടന്ന മെസി ഇതിനു മുൻപ് സെപ്‌തംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ നേടിയ ഹാട്രിക്കിലൂടെ ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ ലാറ്റിനമേരിക്കൻ താരമെന്ന, നേരത്തെ പെലെയുടെ പേരിലുണ്ടായിരുന്ന 77 റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

ഇതിനു പുറമെ കഴിഞ്ഞ വർഷം ഡിസംബറിലാണ് പെലെയുടെ മറ്റൊരു റെക്കോർഡ് മെസി തകർക്കുന്നത്. ലാ ലിഗയിൽ റയൽ വല്ലഡോളിഡിനെതിരെ നടന്ന മത്സരത്തിൽ പെഡ്രിയുടെ പാസിൽ നിന്നും നേടിയ ഗോളിലൂടെ ഒരു ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന പെലെയുടെ 643 ഗോളുകളുടെ റെക്കോർഡാണ് മെസി മറികടന്നത്.

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് പെലെയെ വിലയിരുത്തുന്നത്. തന്റെ കരിയറിൽ ഇനിയും വർഷങ്ങൾ ബാക്കിയുള്ളപ്പോൾ പെലെയുടെ റെക്കോർഡുകൾ ഓരോന്നായി തകർക്കുന്നതിലൂടെ ഫുട്ബോൾ ലോകത്തിലെ ഏറ്റവും ഉയരങ്ങളിലേക്കാണ് മെസി നടന്നു കയറുന്നത് എന്നു വ്യക്തമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit