റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീമായിരുന്നില്ലെന്ന് ലയണൽ മെസി

Messi Believes Real Madrid Were Not The Best Team In Europe
Messi Believes Real Madrid Were Not The Best Team In Europe / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയെങ്കിലും റയൽ മാഡ്രിഡ് യൂറോപ്പിലെ ഏറ്റവും മികച്ച ടീമായിരുന്നില്ലെന്ന് ലയണൽ മെസി. സന്ദർഭങ്ങളാണ് ചാമ്പ്യൻസ് ലീഗ് മത്സരഫലം നിർണയിക്കുന്നതെന്നും മെസി വ്യക്തമാക്കി. ഇറ്റലിക്കെതിരായ ഫൈനലിസമാ മത്സരത്തിനായി തയ്യാറെടുക്കുന്ന ലയണൽ മെസി അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു.

ലിവർപൂളിനെ കീഴടക്കിയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. കിരീടത്തിലേക്കുള്ള യാത്രയിൽ മെസി കളിക്കുന്ന പിഎസ്‌ജിക്കു പുറമെ ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളോടു തോൽവിയുടെ വക്കിലെത്തിയ ശേഷം റയൽ മാഡ്രിഡ് തിരിച്ചു വന്നു വിജയം നേടിയിരുന്നു. റയലിനോടേറ്റ പ്രീ ക്വാർട്ടറിലെ തോൽവി തങ്ങളെ ബാധിച്ചുവെന്നും മെസി പറഞ്ഞു.

"റയൽ മാഡ്രിഡുമായുള്ള മത്സരം ഞങ്ങളെ ഇല്ലാതാക്കി. ഏറ്റവും മികച്ച ടീം എല്ലായിപ്പോഴും വിജയിക്കണമെന്നില്ല. റയൽ മാഡ്രിഡ് യൂറോപ്പിലെ ജേതാക്കളാണ്, എല്ലായിപ്പോഴും അവർ അവിടെയുണ്ട്, അവർക്കുള്ള ഗുണങ്ങൾ മറച്ചു വെക്കാതെ തന്നെ പറയുന്നു, ചാമ്പ്യൻസ് ലീഗിലെ മികച്ച ടീം അവരായിരുന്നില്ല."

"ചാമ്പ്യൻസ് ലീഗ് സാഹചര്യങ്ങൾ, നിർണായക നിമിഷങ്ങൾ, ഒരു ടീം മാനസികപരമായി സന്ദർഭങ്ങളെ സ്വീകരിക്കുന്ന രീതി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്. അവിടെ ചെറിയൊരു പിഴവു പോലും നമ്മളെ പുറത്താക്കും. ഇതുപോലെയുള്ള സാഹചര്യങ്ങളെ മറികടക്കാൻ ഏറ്റവും നല്ല രീതിയിൽ തയ്യാറെടുത്ത ടീമുകൾ വിജയിക്കുകയും ഫൈനലിൽ എത്തുകയും ചെയ്യും." മെസി വ്യക്തമാക്കി.

ഇറ്റലിക്കെതിരായ ഫൈനലിസമ പോരാട്ടം കരിയറിൽ മറ്റൊരു കിരീടം കൂടി നേടാൻ മെസിക്കുള്ള സുവർണാവസരമാണ്. ഫിഫ അംഗീകാരം നൽകിയ ഔദ്യോഗിക പോരാട്ടമാണ് ഫൈനലിസമ എന്നും അർജന്റീന ടീമിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി അതു വിജയിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും മെസി പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.