Football in Malayalam

ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ലാലീഗ മത്സരങ്ങൾ കളിച്ച താരമായി മെസി, മറികടന്നത് സാവിയെ

By Gokul Manthara
FC Barcelona v Cadiz CF - La Liga Santander
FC Barcelona v Cadiz CF - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് വേണ്ടി ഏറ്റവുമധികം ലാലീഗ മത്സരങ്ങൾ കളിക്കുന്ന താരമായി അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ഇന്നലെ കാഡിസിനെതിരെ നടന്ന മത്സരത്തിൽ കളിക്കാനിറങ്ങിയതോടെയാണ് ലാലീഗയിൽ ക്ലബ്ബിനായി ഏറ്റവും കൂടുതൽ തവണ ജേഴ്സിയണിയുന്ന താരമായി മെസി മാറിയത്. ക്ലബ്ബ് ഇതിഹാസമായ സാവി ഹെർണാണ്ടസിനെയാണ് ഇക്കാര്യത്തിൽ മെസി മറികടന്നത്.

505 ലാലീഗ മത്സരങ്ങൾ കളിച്ച സാവിയുടെ പേരിലായിരുന്നു ഇത്രയും കാലം ഏറ്റവും കൂടുതൽ സ്പാനിഷ് ലാലീഗ മത്സരങ്ങൾ കളിച്ച ബാഴ്സലോണ താരമെന്ന റെക്കോർഡ്‌. ഇന്നലെ കാഡിസിനെതിരായ മത്സരം ബാഴ്സലോണ ജേഴ്സിയിൽ മെസിയുടെ 506-മത്തെ മത്സരമായിരുന്നു. ഇതോടെയാണ് തകർപ്പൻ ക്ലബ്ബ് റെക്കോർഡുകളിലൊന്ന് മെസിക്ക് സ്വന്തമായത്.

എല്ലാത്തരം മത്സരങ്ങളിലുമായി ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സിയണിഞ്ഞ കളിക്കാരനെന്ന റെക്കോർഡ് ഇപ്പോളും സാവിയുടെ പേരിലാണ് (767 മത്സരങ്ങൾ). എന്നാൽ നിലവിൽ 761 മത്സരങ്ങൾ കറ്റാലൻ ക്ലബ്ബിനായി കളിച്ചു കഴിഞ്ഞ മെസി 2020-21 സീസണിൽത്തന്നെ ഇക്കാര്യത്തിലും സാവിയെ മറികടന്ന് ഒന്നാമത് എത്തുമെന്ന് ഉറപ്പാണ്. നിലവിൽ മുപ്പത്തിമൂന്നുകാരനായ മെസി 654 ഗോളുകളോടെ ബാഴ്സലോണയുടെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ കൂടിയാണ്.

അതേ സമയം, കാഡിസിനെതിരായ മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനുറ്റിൽ പെനാൽറ്റിയിൽ നിന്നാണ് മെസി ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 89ആം മിനുറ്റിൽ അലക്സ് ഫെർണാണ്ടസിന്റെ ഗോളിലൂടെ മത്സരത്തിൽ 1-1ന്റെ സമനില കാഡിസ് നേടിയിരുന്നു.

facebooktwitterreddit