Lionel Messi

ജേഴ്‌സി വിൽപ്പനയിൽ റൊണാൾഡോ സൃഷ്‌ടിച്ച റെക്കോർഡ് മറികടന്ന് ലയണൽ മെസി

Sreejith N
Messi Beats Ronaldo's Record For Jersey Sold
Messi Beats Ronaldo's Record For Jersey Sold / Eurasia Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് കഴിഞ്ഞ സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കളത്തിനു പുറത്ത് താരം പുതിയ ചരിത്രങ്ങൾ സൃഷ്‌ടിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തന്റെ ജേഴ്‌സി വിൽപ്പനയിൽ പുതിയൊരു നാഴികക്കല്ലു സൃഷ്‌ടിച്ച താരം ഇതിലൂടെ റൊണാൾഡോയെ മറികടക്കുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മില്യൺ ജേഴ്‌സികളാണ് പിഎസ്‌ജി വിറ്റഴിച്ചത്. ഇതിൽ ലയണൽ മെസിയുടെ മുപ്പതാം നമ്പർ ജേഴ്‌സിക്കായിരുന്നു അറുപതു ശതമാനം ആവശ്യക്കാരും. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ റൊണാൾഡോയുടെ ജേഴ്‌സി സൃഷ്‌ടിച്ച വിൽപ്പനയുടെ റെക്കോർഡാണ് മെസി മറികടന്നത്.

പിഎസ്‌ജിയിലേക്കുള്ള മെസിയുടെ ട്രാൻസ്‌ഫർ ഉറപ്പിച്ചതിനു ശേഷം ഇതുവരെ ഒരു മില്യൺ ജേഴ്‌സികളിൽ കൂടുതലാണ് ഫ്രഞ്ച് ക്ലബ് വിറ്റഴിച്ചത്. ഇതിൽ അറുപതു ശതമാനം ജേഴ്‌സികളും മെസിയുടേതായിരുന്നു. ഇതാദ്യമായാണ് ഏതെങ്കിലും ഒരു കായികതാരത്തിന്റെ ഇത്രയധികം ജേഴ്‌സികൾ ഈ സമയം കൊണ്ട് വിറ്റു പോകുന്നതെന്നും ഡെയിലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു.

മെസിയുടെ ജേഴ്‌സിക്ക് ആവശ്യക്കാരേറി തിരക്കു വർധിച്ചതിനാൽ പിഎസ്‌ജിക്ക് അവരുടെ ഒഫിഷ്യൽ സ്റ്റോർ ഇരട്ടി വലിപ്പത്തിലാക്കി ചാംപ്സ് എലിസിസിലേക്ക് മാറ്റേണ്ടിയും വന്നിരുന്നു. ഇതിനു പുറമെ വാണിജ്യപരമായി വലിയ നേട്ടങ്ങളാണ് മെസിയുടെ ട്രാൻസ്‌ഫറിനു ശേഷം പിഎസ്‌ജിയിൽ ഉണ്ടായത്. സ്പോൺസർഷിപ്പ് ഡീലുകൾ, അവയിലൂടെ ലഭിക്കുന്ന വരുമാനം എന്നിവയിലെല്ലാം വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ മാർക്കക്കു നൽകിയ അഭിമുഖത്തിൽ മെസിയുടെ ട്രാൻസ്‌ഫർ ക്ലബിലുണ്ടാക്കിയ മാറ്റങ്ങൾ പിഎസ്‌ജി പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. അതേസമയം മെസിക്ക് ആദ്യത്തെ സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നും വരുന്ന സീസണിൽ അതിൽ മാറ്റം വരുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit