മെസി ബാഴ്സലോണയുമായി പുതിയ കരാർ ഒപ്പുവെക്കുന്നത് ഇനിയും നീളാൻ സാധ്യത


ലയണൽ മെസി ബാഴ്സലോണയുമായി പുതിയ കരാർ ഒപ്പുവെക്കുന്നതിന്റെ തീയതി നീളാൻ സാധ്യത. നേരത്തെ ജൂലൈ അവസാനത്തോടെ മെസി പുതിയ കരാർ ഒപ്പുവെക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കരാറിലെ ഏതാനും ഭാഗങ്ങളിൽ ഇനിയും ധാരണയായി പൂർത്തീകരിക്കാൻ ഉണ്ടെന്നും അതിനാൽ ഓഗസ്റ്റിലേക്ക് ഇതു നീളുമെന്നുമാണ് സ്പാനിഷ് മാധ്യമമായ സ്പോർട് ബാഴ്സയിൽ നിന്നുമുള്ള ചില സോഴ്സിനെ അടിസ്ഥാനമാക്കി പുറത്തുവിടുന്നത്.
ലയണൽ മെസിയുടെ ഏജന്റും പിതാവുമായ ജോർജ് മെസിയുമായി അർജന്റീനിയൻ താരത്തിന്റെ കാര്യത്തിൽ തത്വത്തിൽ എഗ്രിമെന്റിലെത്താൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കരാർ ഇതുവരെയും മുഴുവനായും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഇരു പാർട്ടികളും അവരുടെ പ്രതിനിധികളും ഇപ്പോഴും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കയാണ്.
Barça expects Leo Messi to renew in August https://t.co/FhlzVFomBs
— SPORT English (@Sport_EN) July 26, 2021
മെസിയുടെ കരാർ എത്രയും പെട്ടന്ന് പൂർത്തിയാക്കേണ്ടത് ബാഴ്സലോണക്കു കൂടി അത്യാവശ്യമാണ്. കോൺട്രാക്ട് മുഴുവനായും തയ്യാറായാൽ മാത്രമേ ഏതൊക്കെ താരങ്ങളെ ഒഴിവാക്കണമെന്നും മറ്റു താരങ്ങളുടെ പ്രതിഫലം എത്രത്തോളം കുറക്കണമെന്നും തീരുമാനിക്കാൻ കഴിയൂ. അതേസമയം മെസി കരാർ പുതുക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകുമെന്ന കാര്യത്തിൽ ബാഴ്സലോണക്ക് പോലും വ്യക്തതയില്ല.
മെസിയുടെ കരാർ പൂർത്തിയാക്കി, മറ്റു താരങ്ങളെ ഒഴിവാക്കി, വേതനവ്യവസ്ഥകൾ കൃത്യമാക്കി ട്രാൻസ്ഫർ ജാലകം അവസാനിക്കുന്ന ഓഗസ്റ്റ് 31നു മുൻപ് ടീമിനെ പൂർണമായും ഒരുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ. അതിനു വേണ്ടി ഒഴിവാക്കേണ്ടതും പ്രതിഫലം കുറക്കേണ്ടതുമായ കളിക്കാരുമായി അവർ ചർച്ചകൾ തുടർന്നു കൊണ്ടിരിക്കയാണ്. ഏതാനും താരങ്ങൾ ക്ലബ് വിടുകയും ചെയ്തു.
അതേസമയം ബാഴ്സലോണയോടുള്ള തന്റെ ആത്മാർഥത തെളിയിച്ച് ഫ്രീ ഏജന്റായ മെസി മറ്റൊരു ക്ലബുമായും ചർച്ചകൾ നടത്താതെ ക്ലബ് കരാർ പൂർത്തിയാക്കുന്നത് കാത്തിരിക്കുകയാണ്. എന്നാൽ ഓഗസ്റ്റ് 15നു ലാ ലിഗ സീസൺ ആരംഭിക്കാനിരിക്കെ അതിനു മുൻപ് താരത്തിനു പുതിയ കരാർ നൽകാൻ ബാഴ്സക്കു കഴിഞ്ഞില്ലെങ്കിൽ അത് മെസിയോടു കാണിക്കുന്ന അവമതിപ്പു തന്നെയായിരിക്കും.