Football in Malayalam

പരിക്കിനിടയിലും മെസി അർജന്റീന ടീമിനൊപ്പം ചേരുന്നതിനെ വിമർശിച്ച് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്

Sreejith N
Argentina v Uruguay - FIFA World Cup 2022 Qatar Qualifier
Argentina v Uruguay - FIFA World Cup 2022 Qatar Qualifier / Marcelo Endelli/GettyImages
facebooktwitterreddit

പരിക്കിൽ നിന്നും പൂർണമായി വിമുക്തനാവാത്തതിനെ തുടർന്ന് പിഎസ്‌ജിക്കു വേണ്ടിയുള്ള കഴിഞ്ഞ രണ്ടു മത്സരങ്ങളും നഷ്‌ടമായ ലയണൽ മെസിക്ക് ഈ മാസം നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ സ്ഥാനം നൽകിയതിനെ ചോദ്യം ചെയ്‌ത്‌ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ ജിയോഫ്രോയ്‌ ഗരേട്ടിയാർ.

ലില്ലെക്കെതിരായ ലീഗ് മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് പിൻവലിക്കപ്പെട്ട മെസിക്ക് തുടർന്ന് ലീപ്‌സിഗ്, ബോർഡെക്‌സ് എന്നിവരുമായുള്ള മത്സരം നഷ്ടമായെങ്കിലും യുറുഗ്വായ്, ബ്രസീൽ എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ സ്ഥാനം ലഭിച്ചതിനെയാണ് ഗരെട്ടിയാർ ചോദ്യം ചെയ്യുന്നത്.

"മെസി ഇരുപതിനായിരം കിലോമീറ്റർ പോകും, താരത്തിന്റെ ശാരീരികമായ രൂപം പരിമിതവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്, പിഎസ്‌ജിയിൽ എത്തിയതു മുതൽ വിജയിക്കാനുള്ള പ്രയാസവും താരത്തിനുണ്ടായി. എന്നാൽ എനിക്കറിയാം അർജന്റീന അദ്ദേഹത്തിന് വളരെ പ്രധാനമാണെന്നും ആ ഫെഡറേഷൻ താരത്തിനായി എന്തും ചെയ്യുമെന്നും."

"എന്നാൽ അർജന്റീന യോഗ്യത നേടാൻ കഴിയുന്ന ഒരു പൊസിഷനിൽ നിൽക്കുന്ന സമയത്ത് താരത്തിനൊരു ഇടവേള നൽകുന്നത് വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നു. അത് സുഖം പ്രാപിക്കാനും പിഎസ്‌ജിക്കൊപ്പം സമന്വയിച്ച് മികച്ച പ്രകടനം നടത്താനും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ മുകളിൽ എത്താനും താരത്തെ സഹായിക്കുമെന്നും ഞാൻ കരുതുന്നു," ലേറ്റ് ഫുട്ബോൾ ക്ലബിനോട് ഗരെട്ടിയാർ പറഞ്ഞു.

"താരങ്ങൾ എല്ലായിപ്പോഴും ദേശീയ ടീമിലേക്ക് പുറപ്പെടും എന്നതിനാൽ ഇതൊരു സംവാദം പോലെയാണെന്ന് എനിക്കറിയാം. പക്ഷെ, ഇതു വിപരീതഫലമാണ് സൃഷ്‌ടിക്കുക. യോഗ്യത ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തുള്ളവരേക്കാൾ ഒൻപതു പോയിന്റ് മുകളിലാണ് അർജന്റീന, അവർ ഇതിനകം യോഗ്യത നേടിയെന്ന് ഞങ്ങൾക്ക് അറിയാവുന്നതാണ്," ഗരെട്ടിയാർ പറഞ്ഞു.

അതേസമയം പരിക്കിൽ നിന്നും മെസി പൂർണമായും മുക്തമാകുന്ന സമയം ഇന്റർനാഷണൽ ബ്രേക്കിന്റെ ഇടയിൽ ആയതു കൊണ്ടാണ് താരം അർജന്റീന ടീമിനൊപ്പം ചേരുന്നതെന്നാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പോച്ചട്ടിനോ പ്രതികരിച്ചത്. താരം ചിലപ്പോൾ അർജന്റീനക്കു വേണ്ടി കളിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


facebooktwitterreddit