ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ എൽ എക്വിപ്പെ ടീം ഓഫ് 2021

FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ടതിൽ വെച്ച് രണ്ടു താരങ്ങൾ തമ്മിൽ നിലനിന്ന ഏറ്റവും മികച്ച മത്സരം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ളതായിരിക്കും. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായി കരുതപ്പെടുന്ന ഇരുവർക്കും അവരുടേതായ രീതിയിൽ പല മേഖലകളിലും ആധിപത്യവും മുൻതൂക്കവുമുണ്ട്. രണ്ടു പേരും കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ ഇതിനെ അടിവരയിട്ട് തെളിയിക്കുന്നു.

മറ്റുള്ള താരങ്ങൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്ത തിളക്കമാർന്ന കരിയർ സ്വന്തമായുള്ള ഈ രണ്ടു താരങ്ങളും പക്ഷെ തങ്ങളുടെ അവസാന കാലഘട്ടത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. ഇപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയുന്നുണ്ടെങ്കിലും ഇരുവർക്കും ഫുട്ബോൾ ലോകത്ത് പഴയതു പോലെ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നില്ലെന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ ടീം ഓഫ് 2021 തെളിയിക്കുന്നത്.

എൽ എക്വിപ്പെ 2021ലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമിനെ തിരഞ്ഞെടുത്തപ്പോൾ അതിൽ മെസിക്കും റൊണാൾഡോക്കും ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല. 4-4-2 ശൈലിയിൽ ടീമിനെ ഫ്രഞ്ച് മാധ്യമം അണിനിരത്തിയപ്പോൾ അതിൽ ഇടം നേടിയ പ്രധാന മുന്നേറ്റനിര താരങ്ങൾ റോബർട്ട് ലെവൻഡോസ്‌കി, മൊഹമ്മദ് സലാ, കരിം ബെൻസിമ എന്നിവരാണ്.

എൽ എക്വിപ്പെയുടെ ടീം ഓഫ് 2021ന്റെ മധ്യനിരയിൽ കെവിൻ ഡി ബ്രൂയ്ൻ, എൻഗോളോ കാന്റെ, ജോർജിന്യോ എന്നിവർ സ്ഥാനം നേടിയപ്പോൾ പ്രതിരോധത്തിൽ തിയോ ഹെർണാണ്ടസ്, മാർക്വിന്യോസ്, റൂബൻ ഡയസ്, ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ് എന്നീ താരങ്ങളാണുള്ളത്. ഗോൾകീപ്പറായി സ്ഥാനം ലഭിച്ചത് ചെൽസി താരം എഡ്വേർഡ് മെൻഡിക്കാണ്.

മെസിക്കും റൊണാൾഡോക്കും പുറമെ പിഎസ്‌ജി താരങ്ങളായ നെയ്‌മർ, എംബാപ്പെ എന്നിവർക്കും ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളെന്ന ഖ്യാതിയുള്ള ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡും ടീമിൽ നിന്നും തഴയപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.