Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും വീണ്ടുമൊരിക്കൽ കൂടി നേർക്കുനേർ വരാൻ സാധ്യത

Sreejith N
PSG and Man Utd could go head to head in Australia
PSG and Man Utd could go head to head in Australia / 90min
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടു താരങ്ങൾ ആയതിനാൽ തന്നെ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കു നേർ വരുന്ന പോരാട്ടങ്ങൾക്ക് ആരാധകരുടെ ആവേശം ഇരട്ടിയാണ്. മെസി ബാഴ്‌സയിലും റൊണാൾഡോ റയൽ മാഡ്രിഡിലും കളിച്ചിരുന്ന സമയത്ത് ഓരോ സീസണിലും ഇരുവരും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശം നൽകുകയും ചെയ്‌തിരുന്നു.

ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയും പിന്നീട് ലയണൽ മെസിയും സ്പെയിൻ വിട്ടതോടെ ഇരുവരും മുഖാമുഖം വരുന്ന പോരാട്ടങ്ങൾ വളരെ കുറഞ്ഞു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്‌സലോണയും യുവന്റസും തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് രണ്ടു താരങ്ങളും അവസാനമായി നേർക്കുനേർ വന്നത്. എന്നാൽ ഈ സീസണു ശേഷം റൊണാൾഡോയും മെസിയും ഒരിക്കൽക്കൂടി പരസ്‌പരം പോരാടുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണു ശേഷമുള്ള പ്രീ സീസൺ ടൂർണ്ണമെന്റിലാണ് ഈ രണ്ടു താരങ്ങളും കളിക്കാനുള്ള സാധ്യതയുള്ളത്. റൊണാൾഡോ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മെസി കളിക്കുന്ന ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയെയും ഓസ്‌ട്രേലിയ പ്രീ സീസൺ ടൂർണമെന്റ് കളിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും ഇത് രണ്ടു താരങ്ങളും മുഖാമുഖം വരാൻ കാരണമാകുമെന്നും റിപ്പോർട്ട് പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനും പിഎസ്‌ജിക്കും പുറമെ മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണയെയും പ്രീ സീസൺ കളിക്കാൻ ഓസ്‌ട്രേലിയ ക്ഷണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സ ഈ ക്ഷണം സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെ സംഭവിച്ചാൽ മെസി ബാഴ്‌സലോണക്കെതിരെ കളിക്കുന്നത് കാണാനും അവസരമൊരുങ്ങും.

ഈ മൂന്നു ക്ലബുകളും ഈ ഓഫറിനോട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസണിലെ പദ്ധതികളും യൂറോപ്യൻ മത്സരങ്ങളിൽ എത്ര ദൂരം മുന്നോട്ടു പോകുമെന്നും തീയതികളുടെ ലഭ്യതയുമൊക്കെ അനുസരിച്ചാവും ക്ലബുകൾ ഇതിനു സമ്മതം മൂളുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit