Champions League

യുഗാന്ത്യമോ, പതിനാറു വർഷത്തിനിടെ മെസിയും റൊണാൾഡോയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത്

Sreejith N
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ, വളരെക്കാലം ഫുട്ബോൾ ആരാധകർക്കിടയിൽ ചൂടു പിടിച്ച ചർച്ചാ വിഷയമായി നിലനിൽക്കുകയും ചെയ്യുന്ന മെസിയും റൊണാൾഡൊയുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പതിനാറു വർഷത്തിനിടെ ആദ്യമായി നടക്കാനൊരുങ്ങുന്നു. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ പിഎസ്‌ജിയോട് സമനില വഴങ്ങിയതോടെയാണ് ഇരുപാദങ്ങളിലുമായി 5-2 എന്ന സ്കോറിന് ബാഴ്‌സലോണ ടൂർണമെന്റിൽ നിന്നും പുറത്തായത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോർട്ടോയോട് വിജയം നേടിയെങ്കിലും എവേ ഗോളുകളുടെ കണക്കിലാണ് റൊണാൾഡോയും യുവന്റസും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തേക്കുള്ള വഴി കണ്ടത്. ഇതിനു മുൻപ് 2004/2005 സീസണിലാണ് ഇരുതാരങ്ങളുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നടക്കുന്നത്. അന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലും മെസി ബാഴ്‌സലോണയിൽ തന്റെ പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്ന സമയവുമായിരുന്നു.

രണ്ടു താരങ്ങളും ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായ ഈ സീസണിൽ ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്‌പരം ഏറ്റുമുട്ടിയിരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം രണ്ടു താരങ്ങളും കളിക്കളത്തിൽ കണ്ടു മുട്ടിയ മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചപ്പോൾ അതിനു മുൻപ് ഇരുടീമുകളും തമ്മിൽ നടന്ന മത്സരത്തിൽ അതെ സ്കോറിന് ബാഴ്‌സലോണയും വിജയിച്ചിരുന്നു.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പുറമെ രണ്ടു താരങ്ങളുടെയും ക്ലബിലെ ഭാവിയും സങ്കീർണമായി തുടരുകയാണ്. ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന മെസി ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുമ്പോൾ 2022 വരെ യുവന്റസുമായി കരാറുള്ള റൊണാൾഡോ ഫ്രീ ട്രാൻസ്ഫറിൽ പോകുന്നത് ഒഴിവാക്കാൻ യുവന്റസ് ഈ സമ്മറിൽ തന്നെ താരത്തെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

അതേസമയം മെസിയുടെയും റൊണാൾഡോയുടെയും സ്ഥാനം ഭാവിയിൽ അലങ്കരിക്കുമെന്ന് കരുതപ്പെടുന്ന താരങ്ങളായ എർലിങ് ബ്രൂട് ഹാലൻഡും കെയ്‌ലിയൻ എംബാപ്പെയും ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബാഴ്‌സലോണക്കെതിരെ ആദ്യപാദത്തിൽ നേടിയ ഹാട്രിക്ക് ഉൾപ്പെടെ എംബാപ്പെ രണ്ടു മത്സരങ്ങളിൽ നാല് ഗോളുകൾ നേടിയപ്പോൾ ഹാലൻഡ് സെവിയ്യക്കെതിരായ ഇരുപാദ മത്സരങ്ങളിലും ഇരട്ടഗോളുകൾ കണ്ടെത്തി തങ്ങളുടെ വരവറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

facebooktwitterreddit