Football in Malayalam

മെസി, റൊണാൾഡോ എന്നിവരെ സ്വന്തമാക്കാനുള്ള പദ്ധതിയുണ്ടെന്ന് മെക്‌സിക്കൻ ലീഗ് പ്രസിഡന്റ് മൈക്കൽ അരിയോള

Sreejith N
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള താൽപര്യം വെളിപ്പെടുത്തി മെക്‌സിക്കൻ ലീഗായ ലിഗ എംഎക്‌സിന്റെ പ്രസിഡണ്ട് മൈക്കൽ അരിയോള. നോർത്ത് അമേരിക്കയിലെ രണ്ടു പ്രധാന ലീഗുകളും ഒരുമിപ്പിക്കാനുള്ള പദ്ധതികൾ 2026ൽ യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ശേഷം നടപ്പിലാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

"എംഎൽഎസുമായി ഒരുമിച്ചു ചേർക്കുകയാണെങ്കിൽ ഞങ്ങളുടെ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാവും. കരിയറിന്റെ അവസാന ഘട്ടത്തിലെങ്കിലും മെസിയെയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെയോ ടീമിലെത്തിക്കുകയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം," ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ അരിയോള വ്യക്തമാക്കി.

മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഈ സീസണ് ശേഷമുള്ള ഭാവിയെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം അരിയോള നടത്തിയതെന്നത് ശ്രദ്ധേയമാണ്. മെസിയുടെ ബാഴ്‌സലോണ കരാർ അവസാനിക്കാനിരിക്കെ പുതിയ കോൺട്രാക്ട് താരം ഇതുവരെയും ഒപ്പിട്ടിട്ടില്ല. അതേസമയം ഒരു വർഷം മാത്രം യുവന്റസ് കരാറിൽ ബാക്കിയുള്ള റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

ഡിസംബറിൽ നൽകിയ ഒരു അഭിമുഖത്തിൽ എംഎൽഎസിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം മെസി വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിൽ താമസിക്കാനും അവിടുത്തെ ജീവിതതേക്കുറിച്ചും ലീഗിനെക്കുറിച്ചും അറിയാൻ താല്പര്യമുണ്ടെന്നുമാണ് മെസി പറഞ്ഞത്. അതേസമയം ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മുൻപ് തന്നെ നടത്തിയിരുന്നു.

എംഎൽഎസും ലിഗ എംഎക്‌സും ഒരുമിച്ച് ചേർക്കാനുള്ള ആലോചന കുറച്ചു കാലമായി നടക്കുന്നുണ്ടെങ്കിലും അതിന് ഇനിയും സമയം പിടിക്കുമെന്നാണ് എംഎൽഎസ് പ്രസിഡന്റായ ഡോൺ ഗാർബർ പറയുന്നത്. അതേസമയം ഫിഫ പ്രസിഡന്റായ ജിയോവാനി ഇൻഫാന്റിനോ രണ്ടു ലീഗുകളെയും ഒരുമിച്ച് ചേർക്കുന്നതിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

facebooktwitterreddit