ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക പിഎസ്ജിയിൽ, മെസിയും അർജന്റീനയും തമ്മിൽ ധാരണയിലെത്തി


ബ്രസീലിനെതിരായ മത്സരത്തിൽ സമനില നേടുകയും ചിലി ഇക്വഡോറിനോട് തോൽക്കുകയും ചെയ്തതോടെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതിനു പിന്നാലെ ഇനി പിഎസ്ജിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദേശീയ ടീമുമായി മെസി ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. ഇതോടെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇനി ബാക്കിയുള്ള മത്സരങ്ങളിൽ താരം കളിച്ചേക്കില്ല.
പിഎസ്ജിയുമായുള്ള മെസിയുടെ കരാറിൽ ദേശീയ ടീമിനു മുൻഗണന കൊടുക്കുമെന്ന ഉടമ്പടി ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസിയെ ടീമിൽ ഉൾപ്പെടുത്തിയ അർജന്റീനയുടെ നടപടി ക്ലബ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പരിക്ക് പൂർണമായും ഭേദമാകാതിരുന്ന സമയത്ത് മെസിയെ ദേശീയ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ പരസ്യമായി രംഗത്തു വരികയും ചെയ്തു.
He had been prioritising international duty. https://t.co/RaBBGcD5VW
— MARCA in English (@MARCAinENGLISH) November 19, 2021
ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗുമായും ഫ്രഞ്ച് ലീഗിൽ ബോർഡെക്സുമായുള്ള മത്സരം പരിക്കു മൂലം നഷ്ടമായതിനു പിന്നാലെയാണ് മെസി ദേശീയ ടീമിന്റെ ക്യാമ്പിലെത്തിയത്. അർജന്റീനക്ക് വേണ്ടി രണ്ടു യോഗ്യത മത്സരങ്ങളിലും താരം കളത്തിലിറങ്ങുകയും ചെയ്തു. ഇപ്പോൾ യോഗ്യത ഉറപ്പിച്ചതോടെ ഇനി ബാക്കിയുള്ള നാല് മത്സരങ്ങളിലും അർജന്റീന ടീമിൽ മെസിയെ ഉൾപ്പെടുത്താതിരിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നാണ് സ്പാനിഷ് മാധ്യമം മാർക്ക വെളിപ്പെടുത്തുന്നത്.
അർജന്റീന യോഗ്യത ഉറപ്പിച്ചതോടെ പിഎസ്ജിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് മെസിയും കരുതുന്നുണ്ട്. ബാഴ്സലോണയിൽ നിന്നും ഫ്രാൻസിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത താരത്തിന് അതു കൂടിയേ തീരൂ. ഇനി മാഞ്ചസ്റ്റർ സിറ്റയുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടമടക്കം നിർണായക മത്സരങ്ങൾ പിഎസ്ജിക്ക് കളിക്കാനുമുണ്ട്.
പിഎസ്ജിയും അർജന്റീനിയൻ എഫ്എയും മെസിയുടെ കാര്യം ചർച്ച ചെയ്തുവെന്നും താരത്തിനു ഇനിയുള്ള നാല് ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമായാൽ അത് രണ്ടു പേർക്കും ഗുണം ചെയ്യുമെന്ന നിഗമനത്തിൽ എത്തിയെന്നും മാർക്കയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ അർജന്റീന പരിശീലകനായ ലയണൽ സ്കലോണി ഈ തീരുമാനത്തെ മാനിക്കുമോയെന്നു മാത്രമാണ് ഇനി കണ്ടറിയേണ്ടത്.