തന്റെ ആക്രമണ ശൈലിക്ക് ബാഴ്സലോണ അനുയോജ്യം, ക്ലബിനൊപ്പമുള്ള ലക്ഷ്യങ്ങൾ വെളിപ്പെടുത്തി മെംഫിസ് ഡീപേയ്


കൂടുതൽ ആക്രമണത്തിലൂന്നി കളിക്കുന്ന തന്റെ ശൈലിക്ക് ബാഴ്സലോണ അനുയോജ്യമാണെന്നും ക്ലബിനൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തി നെതർലാൻഡ്സ് താരം മെംഫിസ് ഡീപേയ്. ലിയോണിന്റെ നായകനായിരുന്ന താരം കരാർ അവസാനിച്ച് ഫ്രീ ട്രാൻസ്ഫറിലാണ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലേക്ക് ചേക്കേറിയത്.
നിലവിൽ ബാഴ്സലോണ പരിശീലകനായിരുന്ന റൊണാൾഡ് കൂമാനു കീഴിൽ നെതർലാൻഡ്സ് ടീമിൽ കളിച്ചതിന്റെ പരിചയമാണ് മെംഫിസിന്റെ ബാഴ്സലോണ ട്രാൻസ്ഫറിന് അടിത്തറ പാകിയത്. യൂറോ കപ്പിൽ ഹോളണ്ട് പുറത്തായതിനു ശേഷം ഒഴിവുകാലം ആസ്വദിക്കാൻ വേണ്ടി പോയ താരം ബാഴ്സലോണയിൽ എത്തിയതിനു ശേഷം മുണ്ടോ ഡിപോർറ്റീവോയോട് സംസാരിക്കുകയായിരുന്നു.
Recharged and ready to represent the biggest club in the world @fcbarcelona ?❤️
— Memphis Depay (@Memphis) July 19, 2021
Vacation was lit and today I touched down in Barcelona to start my journey and the next chapter of my story! ????? pic.twitter.com/HWGGlqe2KV
"ഇതൊരു സവിശേഷമായ ദിവസമാണ്. ക്ലബിലേക്കും സ്റ്റേഡിയത്തിലേക്കും പോകാൻ ഞാൻ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്നു. വളരെ മനോഹരവും അസാധാരണവുമായ ഒരു ദിവസമാണ് ഇന്നത്തേത്. ഒരുപാട് കിരീടങ്ങൾ നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനു വേണ്ടിയാണ് ഞാനീ മഹത്തായ ക്ലബിലേക്കു വന്നത്. ഈ ക്ലബ് പ്രതിനിധീകരിക്കുന്നതും അതു തന്നെയാണ്, സമ്പന്നമായൊരു ചരിത്രവും ഇതിനുണ്ട്. ക്ലബിലെ എല്ലാവരെയും കാണാൻ ഞാൻ കാത്തിരിക്കുന്നു."
വിങ്ങറായിരുന്ന ഡീപേയ് ഇപ്പോൾ ഫോർവേഡായാണ് രാജ്യത്തിനും ക്ലബിനും വേണ്ടി കളിക്കുന്നത്. ബാഴ്സലോണയിൽ കൂമാനു കീഴിൽ കളിക്കുന്നതിനെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "അറ്റാക്കിങ് ഫുട്ബോൾ കളിക്കാനാണ് എനിക്കിഷ്ടം. അതിനു പുറമെ ഫീൽഡിൽ ക്രിയാത്മകമായി തുടർന്ന് ചാൻസുകൾ സൃഷ്ടിക്കാനും അസിസ്റ്റുകളും ഗോളുകളും നേടാനും ശ്രമിക്കും. ബാഴ്സയുടെ ശൈലി എനിക്ക് അനുയോജ്യമാണ്." താരം വ്യക്തമാക്കി.
കൂമാൻ ദേശീയ ടീമിന്റെ പരിശീലകനായിരിക്കുമ്പോൾ തനിക്ക് വളരെയധികം പിന്തുണ നൽകിയിരുന്നു എന്നും ബാഴ്സലോണയിലേക്ക് ചേക്കേറാനും ഡച്ച് പരിശീലകന്റെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും മെംഫിസ് വ്യക്തമാക്കി. അടുത്ത സീസണിൽ കൂമാനു വേണ്ടി പോരാടാൻ കഴിയുന്നതിലുള്ള സന്തോഷവും താരം പ്രകടിപ്പിച്ചു.