'എങ്ങിനെയാണിതു ചോദിക്കാൻ കഴിയുന്നത്?' - ബാഴ്സ ട്രാൻസ്ഫറിൽ നിരാശയുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിച്ച് മെംഫിസ്


ബാഴ്സലോണയിൽ ചേർന്നതിൽ നിരാശയുണ്ടോയെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എങ്ങിനെയാണിതു ചോദിക്കാൻ കഴിയുന്നതെന്ന മറുചോദ്യവുമായി മെംഫിസ് ഡീപേയ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിൽ ചേർന്നതിൽ തനിക്കൊരു നിരാശയും തോന്നുന്നില്ലെന്നും ടീമിന്റെ മോശം റിസൾട്ടുകൾ ഒഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും താൻ സംതൃപ്തനാണെന്നും താരം വ്യക്തമാക്കി.
ഫ്രഞ്ച് ക്ലബായ ലിയോണുമായുള്ള കരാർ അവസാനിച്ച മെംഫിസ് ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സലോണയിലേക്കു ചേക്കേറിയത്. ലയണൽ മെസി ക്ലബ് വിട്ടതോടെ ടീമിന്റെ മുന്നേറ്റനിരയെ നയിക്കുകയെന്ന വലിയ ചുമതല ഏറ്റെടുക്കേണ്ടി വന്ന താരം ആദ്യത്തെ മത്സരങ്ങളിൽ ഗോളുകൾ നേടി തിളങ്ങിയെങ്കിലും പിന്നീട് ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാഴ്സലോണ ട്രാൻസ്ഫർ നിരാശ സമ്മാനിക്കുന്നുണ്ടോയെന്ന ചോദ്യം മെംഫിസ് നേരിടേണ്ടി വന്നത്.
Memphis Depay has laughed off the suggestion that he would regret joining Barcelona this summer... ? pic.twitter.com/6GaHVIU0mE
— Don Robbie (@ItsDonRobbie) October 5, 2021
"എങ്ങിനെയാണു നിങ്ങൾക്കത് ചോദിക്കാൻ കഴിയുക? ഇതു ബാഴ്സലോണയാണ്. ഈ ക്ലബ് എത്ര വലുതാണെന്നും ഒരു കളിക്കാരന് ഇത്തരമൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നത് എത്രത്തോളം വിലമതിക്കുന്ന കാര്യമാണെന്നും നിങ്ങൾക്ക് മനസ്സിലായില്ലെന്നു ഞാൻ കരുതുന്നു. എനിക്കതിൽ യാതൊരു നിരാശയുമില്ല. റിസൾട്ടുകൾ മാറ്റിനിർത്തിയാൽ ഞാൻ ക്ലബിൽ വളരെയധികം സംതൃപ്തനാണ്," ഇഎസ്പിഎൻ നെതർലാൻഡ്സിനോട് മെംഫിസ് പറഞ്ഞു.
"ക്ലബ്ബിനെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്, അതേക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല. എന്നാൽ സീസൺ ഇപ്പോൾ തന്നെ തീർന്നു പോയതു പോലെയാണ് പലരും കാണിക്കുന്നത്. ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്, അവസരങ്ങളും തുറന്നു കിടക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾക്ക് ഉത്തരവാദിത്വം തോന്നുകയും അതേറ്റെടുക്കുകയും ചെയ്യും. എല്ലാ കളിക്കാരും അങ്ങിനെയാണ്, ബാഴ്സ പോലെയൊരു ക്ലബിൽ അത് സാധാരണമാണ്," മെംഫിസ് പറഞ്ഞു.
മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ബാഴ്സയിലേക്കു ചേക്കേറിയ മെംഫിസിനു പക്ഷെ അതിനു കഴിഞ്ഞില്ല. ഏഴു ലീഗ് മത്സരങ്ങൾ കളിച്ച താരം ഇതുവരെ മൂന്നു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു മത്സരങ്ങളായി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഹോളണ്ട് താരത്തിനു കഴിയുന്നില്ല.