ബാഴ്സക്കു വേണ്ടി കളിച്ചത് മനോഹരമായ അനുഭവമെന്ന മെംഫിസ്, താരത്തിന് പ്രശംസയുമായി കൂമാനും


ജിറോണക്കെതിരായ പ്രീ സീസൺ മത്സരത്തിൽ ബാഴ്സലോണ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച മെംഫിസ് ഡീപേയെ പ്രശംസിച്ച് പരിശീലകൻ റൊണാൾഡ് കൂമാൻ. അടുത്ത സീസണിൽ കിരീടങ്ങൾക്കായി പൊരുതാനുള്ള ബാഴ്സലോണ ടീമിന്റെ അവിഭാജ്യ ഘടകമായി മാറാൻ നെതർലാൻഡ്സ് താരത്തിനു കഴിയുമെന്ന് കൂമാൻ വ്യക്തമാക്കി. അതേസമയം ബാഴ്സലോണ ജേഴ്സിയിൽ കളിച്ചത് അവിസ്മരണീയമായ അനുഭമായിരുന്നു എന്ന് മെംഫിസും പ്രതികരിച്ചു.
ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ പകരക്കാരനായാണ് മെംഫിസ് ഇറങ്ങിയത്. എൺപത്തിയഞ്ചാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ താരം ഗോൾ കണ്ടെത്തിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കാറ്റലൻ ക്ലബ് വിജയം സ്വന്തമാക്കി. ജെറാർഡ് പിക്വ, റെയ് മെനാജ് എന്നിവരായിരുന്നു ബാഴ്സയുടെ മറ്റു ഗോളുകൾ നേടിയത്.
Memphis Depay LASHED his first Barcelona goal into the top corner ???pic.twitter.com/sFkPqj3S4u
— Goal (@goal) July 24, 2021
"മെംഫിസ് നല്ല രീതിയിൽ കളിച്ചുവെന്നാണ് എനിക്കു തോന്നുന്നത്. തന്റെ കഴിവ് പല സമയത്തും കാണിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. ടൂർണമെന്റുകളിൽ വളരെ ഉയരങ്ങളിൽ എത്താനാണ് ഉദ്ദേശം എന്നതു കൊണ്ടു തന്നെ താരം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്." മത്സരത്തിനു ശേഷം കൂമാൻ പറഞ്ഞു.
അതേസമയം ബാഴ്സ ജേഴ്സിയിലെ ആദ്യത്തെ മത്സരം അവിസ്മരണീയമായ അനുഭവമാണു തന്നതെന്ന് മെംഫിസ് പ്രതികരിച്ചു. "ഈ ഷർട്ടിൽ കളിക്കാൻ കഴിഞ്ഞത് മനോഹരമായ അനുഭവമാണ്. ആദ്യത്തെ ഏതാനും മിനുട്ടുകൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും സഹതാരങ്ങൾ എന്നെ സഹായിച്ചു. ഞാൻ മത്സരം വളരെയധികം ആസ്വദിച്ചു." ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയിലെത്തിയ മെംഫിസ് ക്ലബിന്റെ വെബ്സൈറ്റിനോട് പറഞ്ഞു.
He's feeling good. ?https://t.co/SLd6BDf7s2
— MARCA in English (@MARCAinENGLISH) July 24, 2021
ജർമൻ ക്ലബായ സ്റ്റുട്ട്ഗർട്ടിനെതിരെ ഒരു സൗഹൃദ മത്സരം കൂടി ബാക്കിയുള്ള ബാഴ്സലോണ അതിനു ശേഷം യോൻ ഗാമ്പർ കിരീടത്തിനായുള്ള പോരാട്ടത്തിൽ യുവന്റസിനെയും നേരിട്ടതിനു ശേഷമാണ് സീസൺ ആരംഭിക്കുക. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ലാ ലീഗയിൽ ബാഴ്സയുടെ ആദ്യത്തെ എതിരാളികൾ റയൽ സോസിഡാഡാണ്.