Football in Malayalam

"ഞാൻ ഓടിയാൽ പന്തെന്നെ തേടി വരുമെന്നറിയാം"- മെസിക്കൊപ്പം കളിക്കാൻ കാത്തിരിക്കയാണെന്ന് മെംഫിസ് ഡീപേയ്

Sreejith N
FC Barcelona Unveil New Signing Memphis Depay
FC Barcelona Unveil New Signing Memphis Depay / Quality Sport Images/Getty Images
facebooktwitterreddit

ലയണൽ മെസിക്കൊപ്പം കളിക്കുകയെന്നത് സ്വപ്നമാണെന്നും അതിനു വേണ്ടി കാത്തിരിക്കുകയാണെന്നും ബാഴ്‌സലോണയുടെ പുതിയ സൈനിങായ മെംഫിസ് ഡീപേയ് വ്യക്തമാക്കി. ലിയോൺ താരമായിരുന്ന മെംഫിസ് കരാർ അവസാനിച്ചതോടെയാണ് ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ദിവസം മെംഫിസിനെ ബാഴ്‌സ ഔദ്യോഗികമായി അവതരിപ്പിച്ച ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു നെതർലാൻഡ്‌സ് താരം.

"മെസി ഒരു ഇതിഹാസമാണ്, ലോകത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹം കോപ്പ അമേരിക്കയിൽ എന്താണ് ചെയ്തതെന്നു നമ്മൾ കണ്ടതാണ്. താരത്തിനൊപ്പം കളിക്കുന്നതിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. മെസിയുടെ കഴിവുകളിൽ ആർക്കും സംശയമുണ്ടാകില്ല. ഞാൻ ഓടിയാൽ മാത്രം മതിയെന്നും പന്തെന്റെ കാലുകളിലേക്ക് വരുമെന്നും എനിക്കറിയാം."

"അത്രയധികം മികച്ച താരമായ മെസിക്ക് പന്തുമായി എന്തു ചെയ്യാനും കഴിയും. ലോകത്തുള്ള എല്ലാവർക്കും അങ്ങിനെയൊരു താരത്തിനൊപ്പം കളിക്കാൻ ആഗ്രഹമുണ്ടായിരിക്കും. കഴിഞ്ഞ ദിവസം ഞാൻ ക്ലബിന്റെ മ്യൂസിയത്തിലേക്ക് ടൂർ നടത്തിയപ്പോൾ എല്ലാ ബാലൺ ഡി ഓർ പുരസ്‌കാരങ്ങളും കണ്ടു. മെസിക്ക് ഒരെണ്ണം കൂടി ലഭിക്കാൻ പോവുകയാണ്. അതിന്റെയും ഒരു സ്വപ്‌നമാണ്" മെംഫിസ് ഡീപേയ് പറഞ്ഞു.

ഡച്ച് ക്ലബായ പിഎസ്‌വിയിൽ കരിയർ ആരംഭിച്ച മെംഫിസ് ഡീപേയ് 2015ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയെങ്കിലും അവിടെ തിളങ്ങാനാവാത്തതിനാൽ രണ്ടു സീസണുകൾക്കു ശേഷം ലിയോണിലേക്ക് ചേക്കേറി. അതിനു ശേഷം ഫോം വീണ്ടെടുത്ത താരം 178 മത്സരങ്ങളിൽ നിന്നും 76 ഗോളും 55 അസിസ്റ്റുമാണ് നേടിയിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയപ്പോൾ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കൂടുതൽ പക്വത കൈവരിച്ച താരം യൂറോ കപ്പിലും മികച്ച പ്രകടനം നടത്തിയിരുന്നു. കൂമാനു കീഴിൽ യൂറോപ്പിൽ വീണ്ടും വലിയൊരു അധ്യായത്തിനു തുടക്കം കുറിക്കാൻ താരത്തിനു കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit