Football in Malayalam

വ്യത്യസ്‌തമായ ശൈലിയാണെങ്കിലും മെസി, അഗ്യൂറോ എന്നിവർക്കൊപ്പം ഒരുമിച്ച് കളിക്കാൻ കഴിയുമെന്ന് മെംഫിസ് ഡീപേയ്

Sreejith N
FC Barcelona v Girona FC - Friendly Match
FC Barcelona v Girona FC - Friendly Match / Quality Sport Images/Getty Images
facebooktwitterreddit

ലയണൽ മെസി, സെർജിയോ അഗ്യൂറോ എന്നീ താരങ്ങളുമായി കളിക്കളത്തിൽ പൊരുത്തപ്പെടാനും ഒരുമിച്ചു കളിക്കാനും തനിക്കു കഴിയുമെന്ന് നെതർലാൻഡ്‌സ് താരം മെംഫിസ് ഡീപേയ്. ഫ്രഞ്ച് ക്ലബായ ലിയോണുമായുള്ള കരാർ അവസാനിച്ച് ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിലെത്തിയ താരം വരുന്ന സീസണിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ ആവേശവും പങ്കുവെച്ചു.

"മെസിക്കൊപ്പം കളിക്കാൻ കഴിയുകയെന്നത് വിസ്‌മയിപ്പിക്കുന്ന അനുഭവമായിരിക്കും. അത് സാധ്യമാകുമെന്നു തന്നെയാണ് കരുതുന്നത്. ഒരു ടീമിനു വേണ്ട നിരവധി ഗുണങ്ങളുള്ള താരത്തിന് അതിനു ചുറ്റും എല്ലാം കെട്ടിപ്പടുക്കാൻ കഴിയും. കഴിവുള്ള നിരവധി താരങ്ങൾ ടീമിനൊപ്പമുണ്ട്, അവർക്കൊപ്പം കളിക്കാനും കിരീടങ്ങൾ സ്വന്തമാക്കാനും കഴിയുന്നത് മഹത്തായ കാര്യമാണ്."

"ഞങ്ങൾക്ക് നിരവധി മുന്നേറ്റനിര താരങ്ങളുണ്ട്, എന്നാൽ അവരെല്ലാം വ്യത്യസ്തരാണെന്നാണ് എന്റെ അഭിപ്രായം. അഗ്യൂറോയെയും മറ്റെല്ലാ താരങ്ങളെയും അപേക്ഷിച്ച് വ്യത്യസ്‌തമായ കഴിവും കരുത്തും എനിക്കുണ്ട്. ഞങ്ങൾ വ്യത്യസ്‌തരാണെങ്കിലും യോജിച്ചു പോകുന്നവരാണ്. എന്നാൽ എന്തൊക്കെയാണ് സംഭവിക്കുകയെന്നു കാത്തിരുന്നു കാണാം." മെംഫിസ് പറഞ്ഞു.

ബാഴ്‌സലോണ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതോടെ മുൻ നെതർലാൻഡ്‌സ് പരിശീലകനായ റൊണാൾഡ്‌ കൂമാനുമായി വീണ്ടും മെംഫിസ് ഒത്തുചേർന്നിരിക്കയാണ്. നെതർലാൻഡ്‌സ് ടീമിൽ തനിക്ക് മികച്ച സ്ഥാനം നൽകിയ കൂമാൻ ബാഴ്‌സലോണയിലും തന്നെ പരിഗണിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

ബാഴ്‌സലോണക്ക് വേണ്ടി പ്രീ സീസണിൽ അരങ്ങേറ്റം കുറിച്ച താരം ആദ്യത്തെ ഗോളും നേടിയിരുന്നു. ജിറോണക്കെതിരായ മത്സരത്തിലാണ് പെനാൽറ്റിയിലൂടെ താരം ആദ്യഗോൾ സ്വന്തമാക്കിയത്. ഇനി ജൂലൈ 31ന് സ്റ്റുട്ട്ഗർട്ടിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത പ്രീ സീസൺ മത്സരം.

facebooktwitterreddit