Football in Malayalam

ആത്മവിശ്വാസമില്ലാത്ത ശരീരഭാഷ ഒഴിവാക്കാൻ റാങ്നിക്ക് പറഞ്ഞിരുന്നു, യുണൈറ്റഡിന്റെ വിജയത്തിൽ പ്രതികരിച്ച് മാക്ടോമിനായ്

Sreejith N
Manchester United v Burnley - Premier League
Manchester United v Burnley - Premier League / Dan Mullan/GettyImages
facebooktwitterreddit

മൈതാനത്ത് ആത്മവിശ്വാസമില്ലാത്ത ശരീരഭാഷ കാണിക്കുന്നത് ഒഴിവാക്കാൻ പരിശീലകനായ റാൽഫ് റാങ്നിക്ക് തങ്ങളോട് പറഞ്ഞിരുന്നുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്‌കോട്ട് മക്ടോമിനായ്. ന്യൂകാസിലിനെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ സമനില വഴങ്ങിയ ടീം ഇന്നലെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടിയതിനു ശേഷം സംസാരിക്കുകയായിരുന്നു സ്‌കോട്ടിഷ് താരം.

ന്യൂകാസിലിനെതിരെ നടന്ന മത്സരത്തിൽ പരസ്പരധാരണ തീരെ ഇല്ലാത്തതു പോലെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തുന്നതും പരാതി പറയുന്നതും കാണാമായിരുന്നു. ഇതേതുടർന്ന് ക്ലബിന്റെ മുൻ താരമായ ഗാരി നെവിൽ അവർക്കെതിരെ വിമർശനം നടത്തുകയും ചെയ്‌തു. അതിനു പിന്നാലെയാണ് ടീമിനു റാങ്നിക്ക് നൽകിയ ഉപദേശവും അതുണ്ടാക്കിയ മാറ്റവും മക്ടോമിനായ് വെളിപ്പെടുത്തിയത്.

"ശരീരഭാഷ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പരിശീലകൻ ഞങ്ങളോട് മോശം ശരീരഭാഷ പൂർണമായും ഒഴിവാക്കണമെന്നു പറഞ്ഞിരുന്നു. അത് അവസാനത്തെ തീരുമാനമായിരുന്നു, ഞങ്ങളത് അപ്പോൾ തന്നെ കാര്യമായി എടുക്കുകയും ചെയ്‌തു." മത്സരത്തിനു ശേഷം ആമസോണിനോട് സംസാരിക്കുമ്പോൾ മക്ടോമിനായ് പറഞ്ഞു.

"ന്യൂകാസിലിനെതിരെ നടന്ന മത്സരം വളരെ ബുദ്ധിമുട്ടേറിയ ഒന്നായതിനാൽ അതിൽ നിന്നും ഞങ്ങൾക്ക് തിരിച്ചു വരേണ്ടത് അനിവാര്യമായിരുന്നു. ഞങ്ങൾ നിരവധി മത്സരങ്ങളിൽ തിരിച്ചു വന്നതിന്റെ റെക്കോർഡ് പ്രീമിയർ ലീഗിൽ സ്വന്തമാക്കിയ ടീമാണെന്നും പന്തു കൂടുതൽ നന്നായി കൈവശം വെക്കേണ്ടതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു."

"ഇപ്പോൾ ഞങ്ങൾ മുന്നോട്ടു വരികയും കൂടുതൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിനാൽ തന്നെ പരിശീലകൻ വളരെക്കൂടുതൽ ആവശ്യപ്പെടുന്നുണ്ട്, അതാണ് ഞങ്ങൾ ചെയ്യേണ്ടതും." മക്ടോമിനായ് വ്യക്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. മക്ടോമിനായ്, റൊണാൾഡോ എന്നിവർ യുണൈറ്റഡിനായി ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു. വിജയത്തോടെ ടോപ് ഫോർ സാധ്യതകൾ സജീവമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit