Football in Malayalam

മെസിയുടെ റെക്കോർഡ് തകർത്തു, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം കൂടുതൽ മധുരമാക്കി എംബാപ്പെ

Sreejith N
FBL-EUR-C1-PSG-BARCELONA
FBL-EUR-C1-PSG-BARCELONA / FRANCK FIFE/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാഴ്‌സലോണയെ മറികടന്ന് പിഎസ്‌ജിയെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ സഹായിച്ചത് ഫ്രഞ്ച് സൂപ്പർതാരം എംബാപ്പയുടെ പ്രകടനം തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൂപ്പർതാരമായ നെയ്‌മറുടെ അഭാവത്തിലും നിറഞ്ഞാടിയ താരം ഇരുപാദങ്ങളിലുമായി നാല് ഗോളുകൾ നേടിയാണ് മെസിക്കും സംഘത്തിനും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചത്.

ബാഴ്‌സലോണക്കെതിരായ രണ്ടാം പാദ മത്സരത്തിൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ ലയണൽ മെസിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് മറികടക്കാനും എംബാപ്പെക്കായി. ചാമ്പ്യൻസ് ലീഗിൽ ഇരുപത്തിയഞ്ചു ഗോളുകൾ കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് മെസിയിൽ നിന്നും എംബാപ്പെ സ്വന്തം പേരിലാക്കിയത്.

ഇരുപത്തിരണ്ടു വർഷവും 286 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ഇരുപത്തിയഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്നത്. എന്നാൽ ഇരുപത്തിരണ്ടു വർഷവും 80 ദിവസവും പ്രായമുള്ള എംബാപ്പെ ഇന്നലെ നേടിയ ഗോളോടെ ഈ റെക്കോർഡ് മറികടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്നെ ചാമ്പ്യൻസ് ലീഗിൽ ഇരുപതു ഗോൾ നേടിയ ഇരുപതുകാരനായ ഹാലൻഡ് ഇരുവരുടെയും റെക്കോർഡ് മറികടക്കും എന്നുറപ്പാണ്.

ബാഴ്‌സലോണക്കെതിരായ ഇത്തവണത്തെ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ആദ്യപാദത്തിൽ നേടിയ ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളാണ് എംബാപ്പെ നേടിയത്. ഇതാദ്യമായാണ് ഒരു താരം ഒരൊറ്റ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ ബാഴ്‌സലോണക്കെതിരെ ഇത്രയധികം ഗോളുകൾ കുറിക്കുന്നത്.

നെയ്‌മർ പരിക്ക് മൂലം പുറത്തായതിന് ശേഷം എംബാപ്പയുടെ ഫോമിൽ വളരെയധികം ഉയർച്ചയുണ്ടായിട്ടുണ്ടെന്നതു വ്യക്തമാണ്. ബാഴ്‌സലോക്കെതിരെ നേടിയ നാല് ഗോളുകൾക്ക് പുറമെ അവസാനത്തെ ഏഴു ലീഗ് വൺ മത്സരങ്ങളിൽ ആറു ഗോളുകളാണ് താരം കുറിച്ചിരിക്കുന്നത്.

facebooktwitterreddit