Football in Malayalam

എംബാപ്പെ റയൽ മാഡ്രിഡിൽ കളിക്കും, ഉറപ്പിച്ചു പറഞ്ഞ് ഫ്രഞ്ച് സഹതാരം കരിം ബെൻസിമ

Sreejith N
FBL-WC-2022-QUALIFIERS-FRA-TRAINING
FBL-WC-2022-QUALIFIERS-FRA-TRAINING / FRANCK FIFE/Getty Images
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കെയ്‌ലിയൻ എംബാപ്പയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും സമീപഭാവിയിൽ തന്നെ താരം റയൽ മാഡ്രിഡിനു വേണ്ടി കളിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഫ്രഞ്ച് സഹതാരം കരിം ബെൻസിമ. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള എംബാപ്പയെ സ്വന്തമാക്കാൻ സമ്മറിൽ റയൽ മാഡ്രിഡ് വലിയ തുക ഓഫർ ചെയ്‌തിരുന്നുവെങ്കിലും ഫ്രഞ്ച് മുന്നേറ്റനിര താരത്തെ വിട്ടുകൊടുക്കില്ലെന്ന് പിഎസ്‌ജി ഉറപ്പിച്ചു പറയുകയായിരുന്നു.

ഫ്രാൻസ് ടീമിൽ എംബാപ്പയും ബെൻസിമയും തമ്മിലുള്ള സൗഹൃദം നേരത്തെ തന്നെ ചർച്ചാവിഷയമായ കാര്യമാണ്. എംബാപ്പയെ റയൽ മാഡ്രിഡിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന 'ഏജന്റ്' ആയും ബെൻസിമ ചിത്രീകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എംബാപ്പയുടെ ഭാവിയെക്കുറിച്ച് ബെൻസിമ പ്രതികരിച്ചത്.

"ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം റയൽ മാഡ്രിഡിനു വേണ്ടി കളിക്കുമെന്ന് ഉറപ്പുള്ള താരമാണ് എംബാപ്പെ. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം നിലനിൽക്കുന്നുണ്ട്, താരം ഇപ്പോൾ തന്നെ റയൽ മാഡ്രിഡിലേക്ക് എത്തിയാൽ എനിക്കതിൽ വളരെ സന്തോഷം ഉണ്ടാകുമായിരുന്നു," ബോസ്‌നിയക്കെതിരെ ഫ്രാൻസ് സമനില വഴങ്ങിയ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബെൻസിമ പറഞ്ഞു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണു മുൻപ് ഫ്രീ ട്രാൻസ്ഫറിൽ എംബാപ്പെ ടീമിലെത്താൻ സാധ്യതയുണ്ടെന്നത് റയൽ മാഡ്രിഡിന് പ്രതീക്ഷയാണ്. അങ്ങിനെ സംഭവിച്ചാൽ താരത്തിനു വേണ്ടി നീക്കിവെച്ച ഇരുനൂറു മില്യൺ യൂറോയോളം മറ്റു താരങ്ങൾക്കു വേണ്ടി ചിലവഴിക്കാനും കഴിയും.

നിലവിൽ ഫ്രഞ്ച് ടീമിനൊപ്പമുള്ള ബെൻസിമയും എംബാപ്പയും ബോസ്‌നിയക്കെതിരായ മത്സരത്തിൽ ഒരുമിച്ച് ഇറങ്ങിയിരുന്നു. എന്നാൽ പരിക്കു പറ്റിയതിനെ തുടർന്ന് മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിൽ പിൻവലിക്കപ്പെട്ട പിഎസ്‌ജി താരം യുക്രൈനെതിരായ അടുത്ത മത്സരത്തിൽ ഇറങ്ങില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit