നെയ്‌മറും പോച്ചട്ടിനോയുമടക്കം പതിനാലു താരങ്ങളെ പിഎസ്‌ജിയിൽ നിന്നും എംബാപ്പെക്ക് ഒഴിവാക്കണം

Mbappe Want 14 Players To Leave PSG
Mbappe Want 14 Players To Leave PSG / Catherine Steenkeste/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഉറപ്പിച്ച സമയത്താണ് ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയത്. പിഎസ്‌ജിയും റയൽ മാഡ്രിഡും ഏറെക്കുറെ സമാനമായ ഓഫറാണ് താരത്തിനു മുന്നിൽ വെച്ചതെന്ന് പിന്നീട് യുവേഫ പ്രസിഡന്റടക്കം വ്യക്തമാക്കിയതോടെ തന്റെ സ്വപ്‌നമായിരുന്ന ക്ലബിലേക്കുള്ള ട്രാൻസ്‌ഫർ എന്തു കൊണ്ട് എംബാപ്പെ വേണ്ടെന്നു വെച്ചുവെന്ന സംശയങ്ങളും ഉയർന്നിരുന്നു.

ടീമിലെ നിർണായകമായ കാര്യങ്ങളിൽ ഇടപെടാനും അതിൽ നിർദ്ദേശങ്ങൾ നൽകാനുമുള്ള അധികാരം എംബാപ്പക്ക് നൽകിയതു കൊണ്ടാണ് താരം പിഎസ്‌ജി കരാർ പുതുക്കിയതെന്ന റിപ്പോർട്ടുകൾ ആ സമയത്തു തന്നെ ഉണ്ടായിരുന്നു. ആ റിപ്പോർട്ടുകൾ ശരിയാണെന്ന സൂചനകൾ നൽകി ക്ലബിലെ പതിനാലു താരങ്ങളെ അടുത്ത സീസണിൽ ഒഴിവാക്കാൻ ഫ്രഞ്ച് താരം ആവശ്യപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ, സൂപ്പർതാരം നെയ്‌മർ എന്നിവർക്കു പുറമെ തിലോ കെഹ്ലർ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ഡാനിയൽ പെരേര, ലിയാൻഡ്രോ പരഡെസ്, ആൻഡർ ഹെരേര, ലായ്വിൻ കുർസാവ, മൗറോ ഇകാർഡി, പാബ്ലോ സാറാബിയ, യുവാൻ ബെർനറ്റ്, ഇഡ്രിസ ഗുയെ, കോളിൻ ഡാഗ്‌ബ, സെർജിയോ റിക്കോ എന്നിവരെയാണ് എംബാപ്പെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.

ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്‌ഷ്യം നിറവേറ്റാൻ ക്ലബിൽ നിന്നും ഇത്രയും പേർ പുറത്തു പോകേണ്ടതുണ്ടെന്നാണ് എംബാപ്പെ ആവശ്യപ്പെടുന്നത്. ഈ സീസണിൽ ലീഗ് കിരീടം പതിനഞ്ചു പോയിന്റ് വ്യത്യാസത്തിൽ സ്വന്തമാക്കിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് മുന്നേറാൻ കഴിഞ്ഞില്ല. അടുത്ത സീസണിൽ പക്ഷെ ചാമ്പ്യൻസ് ലീഗിൽ കുറഞ്ഞ ഒന്നും പിഎസ്‌ജിയെ തൃപ്‌തരാക്കില്ല എന്നുറപ്പാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.