Football in Malayalam

മെസി പിഎസ്‌ജിയിലെത്തിയതിൽ എംബാപ്പെ അസന്തുഷ്ടനെന്നും, തന്റെ ഭാവി താരം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും റിപോർട്ടുകൾ

COMBO-FBL-EUR-C1-PSG-BARCELONA
COMBO-FBL-EUR-C1-PSG-BARCELONA / LLUIS GENE/Getty Images
facebooktwitterreddit

ബാഴ്സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ്-ജെർമ്മനുമായി പുതിയ കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഇതോടെ മെസി-നെയ്മർ-എംബാപ്പെ എന്നിവർ അണിനിരക്കുന്ന ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ മുന്നേറ്റ നിരകളിലൊന്നായി പിഎസ്‌ജി മാറി.‌ എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകം കഴിയുമ്പോളേക്കും ഈ മുന്നേറ്റ ത്രയം അങ്ങനെ തന്നെ പിഎസ്‌ജിയിൽ കാണുമോയെന്ന കാര്യം സംശയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ പിഎസ്‌ജിയുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന കെയ്ലിൻ എംബാപ്പെ, ക്ലബ്ബിലേക്കുള്ള മെസിയുടെ വരവിൽ അസന്തുഷ്ടനാണെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെ റിപ്പോർട്ട് ചെയ്യുന്നത്. ഏത് ക്ലബ്ബിൽ കളിച്ചാലും അവിടുത്തെ പ്രധാനിയാവാൻ എംബാപ്പെ ആഗ്രഹിക്കുന്നുവെന്നും, മെസിയെത്തിയതോടെ പിഎസ്‌ജിയിൽ അടുത്ത രണ്ട് വർഷത്തേക്കെങ്കിലും ആ 'ആഗ്രഹം' നടക്കില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം ഈ വേനൽക്കാലത്ത് തന്നെ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുവെന്നുമാണ് എൽ എക്വിപെയുടെ റിപ്പോർട്ടിൽ പറയുന്നത്

അതേ സമയം മെസിക്കും, നെയ്മറിനുമൊപ്പം പിഎസ്‌ജിയിൽ കളിച്ചാൽ ഈ താരങ്ങളുടെ നിഴലിലായിപ്പോയേക്കുമെന്ന ഭയം എംബാപ്പെക്കുണ്ടെന്നാണ് മറ്റൊരു പ്രമുഖ മാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട് ചൂണ്ടിക്കാട്ടുന്നത്‌. പിഎസ്‌ജിയിലേക്കുള്ള മെസിയുടെ വരവ് എംബാപ്പെയെ ശരിക്കും അലട്ടുന്നതായും ഈ വരുന്ന തിങ്കളാഴ്ച (ഓഗസ്റ്റ് 16-ം തീയതി) ക്ലബ്ബിലെ തന്റെ ഭാവി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് എംബാപ്പെയെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ മെസി പിഎസ്‌ജിലെത്തിയ സമയത്ത് ക്ലബ്ബിലെ‌ പല സൂപ്പർ താരങ്ങളും അദ്ദേഹത്തെ സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കു വെച്ചിരുന്നെങ്കിലും എംബാപ്പെയുടെ ഭാഗത്ത് നിന്ന് അത്തരം പ്രവർത്തികളൊന്നുമുണ്ടായിരുന്നില്ല. ഇത് മെസിയുടെ വരവ് എംബാപ്പെയെ അലോസരപ്പെടുത്തുന്നുണ്ടെന്നതിന്റെ സൂചനയാണെന്ന് തരത്തിൽ ഫുട്ബോൾ ലോകത്ത് സംസാരവുമുയർന്നിരുന്നു. എന്നാൽ മെസി ക്ലബ്ബിനൊപ്പം പരിശീലനം തുടങ്ങിയ ഇന്ന്, ഡ്രെസ്സിംഗ് റൂമിനുള്ളിൽ വെച്ച് അദ്ദേഹത്തിനൊപ്പമെടുത്ത ഫോട്ടോ ട്വിറ്ററിൽ പങ്കു വെച്ച എംബാപ്പെ അർജന്റൈൻ താരത്തിന് പാരീസിലേക്ക് സ്വാഗതം നേർന്നിരുന്നു. ഏറെ വൈകിയെത്തിയ, മെസിക്കുള്ള എംബാപ്പെയുടെ ഈ സ്വാഗതവും ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

അതേ സമയം മെസിയെ ക്ലബ്ബിൽ അവതരിപ്പിച്ചു കൊണ്ട് കഴിഞ്ഞ‌ ദിവസം സംസാരിക്കവെ എംബാപ്പെ ക്ലബ്ബിൽ തുടരുമെന്ന് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ-ഖലൈഫി വ്യക്തമാക്കിയിരുന്നു. ഇത് ക്ലബ്ബിന്റെ ആരാധകർക്ക് വലിയ ആശ്വാസവും നൽകിയിരുന്നു. എന്നാൽ താരം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണെന്ന് ഇപ്പോൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആരാധകരെ വീണ്ടും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit