Football in Malayalam

പിഎസ്‌ജിയുമായി കരാർ പുതുക്കാനില്ല, പോച്ചട്ടിനോയെ അവസാന തീരുമാനമറിയിച്ച് എംബാപ്പെ

Sreejith N
Paris Saint-Germain v Stade Reims - Ligue 1
Paris Saint-Germain v Stade Reims - Ligue 1 / Xavier Laine/Getty Images
facebooktwitterreddit

അടുത്ത സീസൺ പൂർത്തിയാകുന്നതോടെ അവസാനിക്കുന്ന തന്റെ പിഎസ്‌ജി കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് കൈലിയൻ എംബാപ്പെ പരിശീലകൻ പോച്ചട്ടിനോയെ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. താരം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുന്നത് ഒഴിവാക്കാൻ പിഎസ്‌ജി സജീവമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് എംബാപ്പെ തന്റെ ഭാവിയെ സംബന്ധിച്ച സുപ്രധാന തീരുമാനം അറിയിച്ചതെന്നു മാർക്കയാണ് റിപ്പോർട്ടു ചെയ്യുന്നത്.

അവധി ദിവസങ്ങൾ പൂർത്തിയാക്കി പിഎസ്‌ജിയിലേക്കു തിരിച്ചെത്തിയ എംബാപ്പെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷമാണ് അർജന്റീനിയൻ പരിശീലകനോട് നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഫ്രഞ്ച് മുന്നേറ്റനിര താരത്തെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ വിൽക്കേണ്ട സാഹചര്യമാണ് പിഎസ്‌ജിക്ക് മുന്നിലുള്ളത്. അതിനു കഴിഞ്ഞില്ലെങ്കിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്ഫറിലാവും പിഎസ്‌ജിക്ക് നഷ്‌ടമാവുക.

താരങ്ങളുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്ന പരിശീലകനാണ് പോച്ചട്ടിനോ. അതുകൊണ്ടു തന്നെയാണ് തന്റെ നിലപാട് അർജന്റീനിയൻ പരിശീലകനോട് എംബാപ്പെ ആദ്യം അറിയിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ യൂറോപ്പിലെ പ്രധാനപ്പെട്ട ഒരു ക്ലബ്ബിലേക്ക് താൻ ചേക്കേറാൻ ഒരുങ്ങുകയാണെന്നും താരം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം റയൽ മാഡ്രിഡിന് വലിയൊരു ഊർജ്ജമാണ് ഈ വാർത്ത നൽകുന്നത്. വളരെക്കാലമായി എംബാപ്പയെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുള്ള സ്‌പാനിഷ്‌ ക്ലബിന് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ അതിനു കഴിഞ്ഞേക്കും. സാമ്പത്തിക പ്രതിസന്ധി റയലിനെ ബാധിച്ചിട്ടുണ്ടെങ്കിലും ഫ്രഞ്ച് മുന്നേറ്റനിര താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

facebooktwitterreddit