തന്നെ പരിക്കേൽപ്പിച്ച ഗുയെയക്കെതിരെ ആരാധകരുടെ അധിക്ഷേപം, പിഎസ്ജി താരത്തിനു പിന്തുണയുമായി എംബാപ്പെ


റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നടന്ന പരിശീലനത്തിനിടെ എംബാപ്പയെ പരിക്കേൽപ്പിച്ച പിഎസ്ജി സഹതാരം ഇഡ്രിസ ഗുയെയക്കെതിരെ നടക്കുന്ന ആരാധകരുടെ അധിക്ഷേപങ്ങളിൽ പ്രതികരിച്ച് കിലിയൻ എംബാപ്പെ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇഡ്രിസ ഗുയെയക്ക് എംബാപ്പെ പൂർണപിന്തുണ അറിയിച്ചത്.
ട്രെയിനിങിനിടയിൽ നടക്കാറുള്ള മത്സരത്തിനിടെ എംബാപ്പയെ ഗുയെയ ചവുട്ടിയതിനെ തുടർന്ന് താരത്തിന് മത്സരം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഫൗളിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നതിനു പിന്നാലെ ഗുയെയക്കും ഭാര്യക്കും വംശീയപരമായും അല്ലാതെയുമുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതേതുടർന്ന് അവർ രണ്ടു പേരും ഇൻസ്റ്റഗ്രാം കമന്റ് സെഷൻ ഓഫാക്കുകയും ചെയ്തു.
Kylian Mbappe calls for PSG unity after racist attacks on teammate Idrissa Gueyehttps://t.co/ioensUKxkJ pic.twitter.com/Hh3r3hswMd
— Mirror Football (@MirrorFootball) March 8, 2022
മത്സരത്തിന്റെ തൊട്ടു മുൻപേ പരിക്കേൽപ്പിച്ച താരത്തോട് യാതൊരു പ്രശ്നവും ഇല്ലെന്നു വ്യക്തമാക്കിയാണ് എംബാപ്പെ ഗുയെയക്ക് പിന്തുണ നൽകിയത്. ഇരുവരും ഒന്നിച്ച് ഒരു ഗോൾനേട്ടം ആഘോഷിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത താരം "എല്ലാവരും എല്ലായിപ്പോഴും ഒരുമിച്ച്, ഇത് പാരീസാണ്" എന്നാണു അതിനു തലക്കെട്ടായി നൽകിയത്.
പരിക്കേറ്റ താരത്തിനു മത്സരം നഷ്ടമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ആ ആശങ്കകൾ ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. പരിശോധനയിൽ പരിക്കു സാരമുള്ളതല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് റയലിനെതിരെയുള്ള മത്സരത്തിനുള്ള സ്ക്വാഡിൽ എംബാപ്പെ ഇടം നേടിയിട്ടുണ്ട്. ആദ്യഇലവനിലും താരം സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യപാദ മത്സരത്തിൽ പിഎസ്ജിക്ക് വിജയം നേടിക്കൊടുത്ത ഗോൾ എംബാപ്പയായിരുന്നു നേടിയത്. ഈ സീസണിൽ പിഎസ്ജിയുടെ ടോപ് സ്കോറർ കൂടിയായ താരം റയലിന്റെ മൈതാനത്തും പിഎസ്ജിയുടെ രക്ഷകനാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് ഫ്രഞ്ച് ക്ലബിന്റെ ആരാധകർ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.