ഏതു ക്ലബിലേക്കെന്ന തീരുമാനമുറപ്പിക്കാതെ എംബാപ്പെ, പ്രതീക്ഷയോടെയും ആശങ്കയോടെയും റയൽ മാഡ്രിഡ്


പിഎസ്ജി സൂപ്പർതാരമായ കിലിയൻ എംബാപ്പയുടെ ഭാവിയെ ചൊല്ലിയുള്ള ചർച്ചകൾ ഫുട്ബോൾ ലോകത്ത് മുറുകുകയാണ്. അക്കാര്യത്തിൽ ഒരു തീരുമാനം എടുത്തുവെന്നും അടുത്തു തന്നെ അതിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും താരം അറിയിച്ചതിനു പിന്നാലെ എംബാപ്പെ റയൽ മാഡ്രിഡിലേക്കെന്ന റിപ്പോർട്ടുകൾ ശക്തമാവുകയും ചെയ്തു. എന്നാൽ താരം തങ്ങളുടെ തട്ടകത്തിൽ എത്തുമെന്ന് റയൽ മാഡ്രിഡിന് ഇപ്പോഴും ഉറപ്പിക്കാൻ കഴിയില്ലെന്ന് മാർക്കയുടെ റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ സമ്മർ ജാലകത്തിൽ ഇരുനൂറു മില്യൺ യൂറോ വരെ എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് ഓഫർ ചെയ്തെങ്കിലും പിഎസ്ജി അതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. ഒരു സീസൺ കഴിഞ്ഞാൽ കരാർ അവസാനിക്കുന്ന താരത്തെ ഇത്രയും തുക വാഗ്ദാനം ചെയ്തിട്ടും വിട്ടുകൊടുക്കാതിരുന്നത് റയൽ മാഡ്രിഡിന് ആശങ്ക സൃഷ്ടിച്ചെങ്കിലും ഇപ്പോൾ അവർക്കു തന്നെയാണ് എംബാപ്പെ ട്രാൻസ്ഫറിൽ മുൻതൂക്കമുള്ളത്.
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിനു ശേഷമാണ് എംബാപ്പയുടെ പ്രതിനിധികളുമായി പ്രധാന ചർച്ചകൾ റയൽ നടത്തിയത്. സൈനിങ് ബോണസായി റയൽ മാഡ്രിഡ് നേരത്തെ പിഎസ്ജിക്ക് ഓഫർ ചെയ്ത ഇരുനൂറു മില്യൺ യൂറോ എംബാപ്പയുടെ കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും അത് 130 മില്യണിൽ എത്തിക്കാൻ ലോസ് ബ്ലാങ്കോസിനു കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം എംബാപ്പെ റയൽ മാഡ്രിഡുമായി കരാർ ഒപ്പിടാമെന്ന സമ്മതം മൂളുകയും ചെയ്തു.
എന്നാൽ റയൽ മാഡ്രിഡുമായി ഇതുവരെയും കരാർ ഒപ്പിടാത്ത എംബാപ്പെ പിഎസ്ജിയുമായി ചർച്ചകൾ തുടരുന്നത് റയൽ മാഡ്രിഡിന് ആശങ്കയാവുകയാണ്. ഫ്രാൻസിലും ദോഹയിലുമെല്ലാം ഇതു സംബന്ധിച്ച കൂടിക്കാഴ്ച്ചകൾ ഈ ദിവസങ്ങളിലും തുടരുകയാണ്. ക്ലബിൽ നിന്നുള്ളതിനു പുറമെ രാഷ്ട്രീയ രംഗത്തു നിന്നടക്കം ഫ്രഞ്ച് താരത്തിന് വലിയ സമ്മർദ്ദം പിഎസ്ജിയിൽ തുടരാൻ വേണ്ടി വരുന്നുണ്ട്.
ചൊവ്വാഴ്ച്ച തന്റെ ഏറ്റവും വിശ്വസ്തരായ ആളുകളുമായി എംബാപ്പെ കൂടിക്കാഴ്ച്ച നടത്തിയെന്നും അതിനു ശേഷം പിഎസ്ജി നേതൃത്വവുമായി സംസാരിച്ചുവെന്നും മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഞായറാഴ്ച്ച തന്റെ പദ്ധതി റയൽ മാഡ്രിഡ്, പിഎസ്ജി തുടങ്ങിയ ക്ലബുകളെ എംബാപ്പെ അറിയിക്കുമെന്നും അതിനു ശേഷം ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ട് പറയുന്നു.
റയൽ മാഡ്രിഡിനെ സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ ഉണ്ടെങ്കിലും ചെറുപ്പകാലം മുതൽ എംബാപ്പയുടെ സ്വപ്നം റയൽ മാഡ്രിഡിനു വേണ്ടി കളിക്കുകയാണ് എന്നതിനാൽ താരം തങ്ങളുടെ തട്ടകത്തിലേക്ക് തന്നെ ചേക്കേറുമെന്ന പ്രതീക്ഷയിലാണവർ. ബാലൺ ഡി ഓർ അടക്കമുള്ള പുരസ്കാരങ്ങൾ നേടാൻ എംബാപ്പെ ഈ ചുവടു മുന്നോട്ടു വെക്കേണ്ടത് അനിവാര്യമാണെന്നും അവർ പറയുന്നു.
റയൽ മാഡ്രിഡിനെ സംബന്ധിച്ച് 2017ൽ എംബാപ്പയെ മൊണാക്കോ ക്ലബിൽ നിന്നും സ്വന്തമാക്കുന്നതിൽ നേരിട്ട തിരിച്ചടിയും മനസിലുണ്ട്. അന്നു ഫ്രാൻസിൽ തന്നെ തുടരാൻ വേണ്ടി റയൽ മാഡ്രിഡിന്റെ ഓഫർ തഴഞ്ഞ് എംബാപ്പെ പിഎസ്ജിയിലേക്ക് ചേക്കേറുകയായിരുന്നു. കരാർ ഒപ്പിടാനുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കി റയൽ മാഡ്രിഡ് നിൽക്കെ സമാനമായൊരു തീരുമാനം എംബാപ്പെ ഒരിക്കൽക്കൂടി എടുക്കുമോയെന്ന ആശങ്ക അവർക്കു മുന്നിലിപ്പോഴുമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.