റയൽ മാഡ്രിഡിലെത്തുന്നത് എംബാപ്പെ ആസ്വദിക്കും, ഒരിക്കലും ബാഴ്സലോണയെ പരിശീലിപ്പിക്കില്ലെന്നും ആൻസലോട്ടി


ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത് എംബാപ്പ വളരെയധികം ആസ്വദിക്കുമെന്നു കരുതുന്നുവെന്ന് കാർലോ ആൻസലോട്ടി. എംബാപ്പെ റയൽ മാഡ്രിഡിലെത്തുമെന്ന ബെൻസിമയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷെരീഫിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവി റയൽ മാഡ്രിഡിന് കൂടുതൽ കരുത്തു പകരുമെന്നു പറഞ്ഞ ആൻസലോട്ടി ബാഴ്സലോണയെ ഒരിക്കലും പരിശീലിപ്പിക്കില്ലെന്നും വ്യക്തമാക്കി.
"അതു വളരെ വലിയ കാര്യമാണ്" ബെൻസിമയുടെ വാക്കുകളെ കുറിച്ച് ആൻസലോട്ടി പറഞ്ഞു. "റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായതിനാൽ എംബാപ്പെ അത് ആസ്വദിക്കുമെന്നും ഞാൻ കരുതുന്നു." എസ്പാന്യോളിനെതിരായ ലാ ലിഗ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി പറഞ്ഞു.
Why Mbappe Can’t Resist Playing For Real Madrid -Ancelotti https://t.co/P5qEJoWDfn
— Complete Sports (@CompleteSports) October 3, 2021
"കഴിഞ്ഞ മത്സരത്തിലെ തോൽവി ഞങ്ങളുടെ അഭിമാനത്തെയാണ് വേദനിപ്പിച്ചത്, എന്നാൽ എസ്പാന്യോളിനെതിരെ അതിനോട് പ്രതികരിക്കുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പരമാവധി നൽകും, എന്നാൽ ഷെരിഫിനെതിരെയും ഞങ്ങൾ കഴിവിന്റെ പരമാവധി നൽകിയെന്ന് ഓർത്തിരിക്കണം."
"ഞങ്ങൾ തോൽക്കുമ്പോൾ എനിക്കുറക്കം നഷ്ടപ്പെടുകയും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. അതു ഞാൻ തോൽക്കുന്ന സമയത്തെല്ലാം പതിവുള്ള കാര്യമാണ്. വൈകാരികപരമായി ഷെരിഫിനെതിരെ പോലെയുള്ള തോൽവി ഒരാളെ കൂടുതൽ കരുത്തരാക്കി മാറ്റുകയാണു ചെയ്യുക." ആൻസലോട്ടി അറിയിച്ചു.
ബാഴ്സലോണയുടെ നിലവിലെ അവസ്ഥ മോശമാണെങ്കിലും അവർ അത്ലറ്റികോ മാഡ്രിഡിനൊപ്പം കിരീടപ്പോരാട്ടത്തിൽ ഉണ്ടെന്നാണ് ആൻസലോട്ടി പറയുന്നത്. അതേസമയം റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ചതു കൊണ്ടുതന്നെ ബാഴ്സലോണ പരിശീലകസ്ഥാനം ഒരിക്കലും ഏറ്റെടുക്കില്ലെന്നും ആൻസലോട്ടി പറഞ്ഞു. തന്റെ ചരിത്രത്തിന് എതിരെ പോകാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.