പിഎസ്‌ജി കരാർ പുതുക്കിയത് ഹാട്രിക്കുമായി ആഘോഷിച്ച് എംബാപ്പെ, ഗോളും അസിസ്റ്റുമായി അവസാന മത്സരം ഉജ്ജ്വലമാക്കി ഡി മരിയ

Mbappe Scored Hat-trick, Di Maria Played Last Game For PSG
Mbappe Scored Hat-trick, Di Maria Played Last Game For PSG / Tim Clayton - Corbis/GettyImages
facebooktwitterreddit

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് പിഎസ്‌ജി കരാർ പുതുക്കിയത് ഹാട്രിക്ക് നേട്ടത്തോടെ ആഘോഷിച്ച് കിലിയൻ എംബാപ്പെ. ഇന്നലെ മെറ്റ്‌സിനെതിരെ നടന്ന ഈ സീസണിലെ അവസാനത്തെ ലീഗ് മത്സരത്തിലാണ് മൂന്നു ഗോളുകൾ നേടി പിഎസ്‌ജിയിൽ തന്റെ പുതിയ നാളുകൾക്ക് എംബാപ്പെ തുടക്കം കുറിച്ചത്.

പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിന് ആരാധകർ ആഘോഷത്തിന്റെ മൂഡിലായിരുന്നു. മത്സരത്തിന് മുൻപു തന്നെ എംബാപ്പെ ക്ലബിൽ തന്നെ തുടരും എന്ന കാര്യം പിഎസ്‌ജി പ്രഖ്യാപിച്ചതോടെയുള്ള ആരാധകരുടെ സന്തോഷത്തിൽ പിഎസ്‌ജി താരങ്ങളും പങ്കു കൊണ്ടപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് അവർ സ്വന്തമാക്കിയത്.

ഇരുപത്തിയഞ്ചാം മിനുട്ടിലും ഇരുപത്തിയെട്ടാം മിനുട്ടിലും ഗോൾ നേടിയ എംബാപ്പെ അതിനു ശേഷം അൻപതാം മിനുട്ടിൽ ടീമിന്റെ നാലാമത്തെ ഗോൾ നേടിയാണ് ഹാട്രിക്ക് പൂർത്തിയാക്കിയത്. എംബാപ്പക്കു പുറമെ നെയ്‌മർ, ഡി മരിയ എന്നിവരാണ് പിഎസ്‌ജിയുടെ ഗോളുകൾ നേടിയത്. ഇതോടെ ഈ ലീഗ് സീസൺ ഏറ്റവും മികച്ച രീതിയിൽ അവസാനിപ്പിക്കാൻ പിഎസ്‌ജിക്കായി.

ഈ സീസണോടെ കരാർ അവസാനിച്ച് ക്ലബ് വിടാനൊരുങ്ങുന്ന ഡി മരിയ പിഎസ്‌ജി ജേഴ്‌സിയിലെ അവസാന മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് നടത്തിയത്. എംബാപ്പെ നേടിയ ആദ്യത്തെ ഗോളിന് അസിസ്റ്റ് നൽകിയ ഡി മരിയ അതിനു ശേഷം ടീമിന്റെ അഞ്ചാം ഗോൾ നേടുകയും ചെയ്‌തു.

വളരെ വൈകാരികമായാണ് ഏഞ്ചൽ ഡി മരിയ ടീമിനോടു വിട പറഞ്ഞത്. ഏഴു വർഷങ്ങളായി കളിക്കുന്ന ക്ലബിനൊപ്പമുള്ള അവസാന മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുട്ടിൽ താരം സബ് ചെയ്യപ്പെട്ടപ്പോൾ ആരാധകർ എഴുന്നേറ്റു നിന്നു കയ്യടിച്ചാണ് അനുമോദനം അറിയിച്ചത്. കളിക്കളം വിടുമ്പോൾ ഡി മരിയയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.