പിഎസ്‌ജി പ്രോജക്റ്റിന്റെ അടിസ്ഥാനം താനല്ല, ചാമ്പ്യൻസ് ലീഗ് വിജയിക്കുകയാണ് ലക്ഷ്യമെന്നും എംബാപ്പെ
By Sreejith N

പിഎസ്‌ജിയുമായി കരാർ പുതുക്കാൻ ക്ലബിൽ തനിക്ക് കൂടുതൽ അധികാരം ലഭിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ. പിഎസ്‌ജിയാണ് ഏറ്റവും വലുതെന്നും അവിടെ നടപ്പിലാക്കാൻ പോകുന്ന പ്രൊജക്റ്റിന്റെ ഒരു ഭാഗം മാത്രമാണ് താനെന്നും തന്നെ മാത്രം കേന്ദ്രീകരിച്ചുള്ള പദ്ധതിയല്ല അവിടെ നടക്കാൻ പോകുന്നതെന്നും താരം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു കൊണ്ടിരുന്ന സമയത്താണ് എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയത്. ക്ലബിന്റെ സ്പോർട്ടിങ് തലത്തിലുള്ള കാര്യങ്ങളിൽ അടക്കം തീരുമാനമെടുക്കാൻ അധികാരം നൽകിയാണ് കരാർ പുതുക്കാൻ എംബാപ്പയെ പിഎസ്‌ജി സമ്മതിപ്പിച്ചതെന്ന വാർത്തകൾ അതിനു ശേഷം ഉയർന്നു വന്നെങ്കിലും അതിനെ നിഷേധിക്കുന്നതാണ് താരത്തിന്റെ പ്രതികരണം.
PSG means a lot to Kylian Mbappe ❤️ pic.twitter.com/fUeYcepQWh
— GOAL (@goal) June 24, 2022
"പിഎസ്‌ജിയാണ് എനിക്കേറ്റവും വലുത്. ചിലപ്പോൾ എനിക്ക് ആരാധകരോട് അധികം അടുത്തിടപഴകാൻ കഴിഞ്ഞിരിക്കില്ല. മികച്ച പ്രകടനം നടത്തുകയാണ് എനിക്കാദ്യം വേണ്ടത്, ഈ ക്ലബെനിക്ക് പലതുമാണ്, എല്ലാവർക്കുമതറിയാം." ബിഎഫ്‌എം ടിവിയോട് സംസാരിക്കുമ്പോൾ എംബാപ്പെ പറഞ്ഞു.
"ഞാനീ പ്രൊജക്റ്റിലേക്ക് വരുന്നതേയുള്ളൂ. ഈ പ്രൊജക്റ്റിന്റെ അടിസ്ഥാനം ഞാനല്ല. മാറ്റങ്ങൾ ഉണ്ടാകുന്നതിനനുസരിച്ച് വലിയ കാര്യങ്ങൾ നടക്കാൻ പോകുന്നതേയുള്ളൂ. ക്ലബാണ് എപ്പോഴും ആദ്യം, ഇതെന്റെ പ്രൊജക്റ്റല്ല. എനിക്കു മുൻപും ശേഷവും പിഎസ്‌ജി ഉണ്ടായിരിക്കും. എനിക്കാ കെട്ടിടത്തിലേക്ക് ഒരു കല്ലു മാത്രം നൽകിയാൽ മതി." എംബാപ്പെ വ്യക്തമാക്കി.
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് വിജയം നേടുക എന്നതാണ് പിഎസ്‌ജിയെ സംബന്ധിച്ച് വളരെ കൃത്യമായ ലക്ഷ്യമെന്നും എംബാപ്പെ പറഞ്ഞു. പിഎസ്‌ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന കവാനിയുടെ റെക്കോർഡ് തനിക്ക് മറികടക്കാൻ കഴിയുമെന്നും അങ്ങിനെ സംഭവിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കുമെന്നും താരം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.