ബ്രസീലും അർജന്റീനയും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കുന്നില്ല, ലോകകപ്പ് സാധ്യത യൂറോപ്യൻ ടീമുകൾക്കെന്ന് എംബാപ്പെ
By Sreejith N

ഈ വർഷാവസാനം ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ യൂറോപ്യൻ ടീമുകൾക്ക് കൂടുതൽ മുൻതൂക്കമുണ്ടെന്ന അഭിപ്രായവുമായി ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പെ. ബ്രസീലും അർജന്റീനയും ലോകകപ്പ് യോഗ്യത നേടാൻ ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കുന്നില്ലെന്നും അതേസമയം യുവേഫ നാഷൻസ് ലീഗ് അടക്കമുള്ള പോരാട്ടങ്ങൾ യൂറോപ്യൻ ടീമുകൾക്ക് ഗുണം ചെയ്യുന്നുണ്ടെന്നും എംബാപ്പെ പറയുന്നു.
ലോകകപ്പിലെ മികച്ച ടീമുകളെ കുറിച്ച് ടിഎൻടി സ്പോർട്സ് ബ്രസീലിനോട് സംസാരിക്കുന്ന സമയത്താണ് എംബാപ്പെ തന്റെ അഭിപ്രായം പറഞ്ഞത്. "ബ്രസീലും ഒരു മികച്ച ടീമാണ്. നിരവധി മറ്റു യൂറോപ്യൻ ടീമുകളുമുണ്ട്. പക്ഷെ ഞങ്ങൾക്ക് ലഭിക്കുന്ന പ്രധാന മുൻതൂക്കം എല്ലായിപ്പോഴും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കുന്നു എന്നതാണ്."
Kylian Mbappe: "Argentina and Brazil don't play games at a high level to get to the World Cup. Football is not as advanced as it is in Europe and it shows when you watch the last World Cups." This via @TNTSportsBR. pic.twitter.com/xepoX8nKRu
— Roy Nemer (@RoyNemer) May 24, 2022
"യുവേഫ നാഷൻസ് ലീഗ് അതിനൊരു ഉദാഹരണമാണ്. ലോകകപ്പിന് എത്തുമ്പോഴേക്കും ഞങ്ങൾ പൂർണമായും തയ്യാറെടുത്തിരിക്കും." 2018ൽ നടന്ന ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച എംബാപ്പെ പറഞ്ഞു.
"ലോകകപ്പിലെത്താൻ അർജന്റീനയും ബ്രസീലും ഉയർന്ന നിലവാരമുള്ള മത്സരങ്ങൾ കളിക്കുന്നില്ല. സൗത്ത് അമേരിക്കയിൽ യൂറോപ്പിലേതു പോലെ ഫുട്ബോൾ പുരോഗതി ഉണ്ടാക്കിയിട്ടുമില്ല. അതുകൊണ്ടാണ് അവസാന ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾ വിജയിച്ചതെന്ന് നോക്കിയാൽ മനസിലാകും." എംബാപ്പെ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ലോകകപ്പിന് അർജന്റീനയും ബ്രസീലും മികച്ച രീതിയിലാണ് തയ്യാറെടുക്കുകയെന്നിരിക്കെയാണ് എംബാപ്പയുടെ പ്രതികരണം വന്നിരിക്കുന്നത്. അതേസമയം താരബാഹുല്യം നിറഞ്ഞ ഫ്രാൻസ് തന്നെയാണ് ഈ ലോകകപ്പും നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രധാന ടീം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.