എംബാപ്പയുടെ ഭാവി ഉടനെ തീരുമാനമാകും, ചർച്ചകൾക്കായി താരത്തിന്റെ മാതാവ് ദോഹയിലേക്ക്


പിഎസ്ജി സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഭാവി എന്താകുമെന്ന കാര്യം ഫുട്ബോൾ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഈ സീസണിൽ കരാർ പൂർത്തിയാകുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെയും അക്കാര്യത്തിൽ കൃത്യമായൊരു തീരുമാനം വന്നിട്ടില്ല. അതേസമയം താരത്തെ ക്ലബിനൊപ്പം നിലനിർത്താനുള്ള ശ്രമങ്ങൾ പിഎസ്ജി തുടരുന്നുമുണ്ട്.
നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം എംബാപ്പയുടെ പിഎസ്ജി ഭാവിയുടെ കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഒരു തീരുമാനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കരാർ പുതുക്കലുമായി ബന്ധപ്പെട്ടതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി എംബാപ്പയുടെ മാതാവ് പിഎസ്ജിയുടെ ഉടമകളെ കാണാൻ ഖത്തറിലേക്ക് യാത്ര തിരിച്ചിരിക്കുകയാണെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.
എംബാപ്പെ ക്ലബിനൊപ്പം തുടരാനുള്ള പുതിയ ഡീൽ ഒപ്പു വെക്കുമെന്നുള്ള ഉറച്ച പ്രതീക്ഷ പിഎസ്ജിക്കുണ്ട്. താരത്തിന്റെ മാതാവിന്റെ സന്ദർശനം അതിനു വഴി തുറക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഈ വർഷാവസാനം ഖത്തർ ലോകകപ്പ് നടക്കുമെന്നിരിക്കെ അടുത്ത സീസണിലെങ്കിലും താരത്തെ ക്ലബിനൊപ്പം തന്നെ നിലനിർത്താൻ വേണ്ടിയുള്ള പദ്ധതികളാണ് പിഎസ്ജി മുന്നോട്ടു വെക്കുന്നത്.
പിഎസ്ജി മുന്നോട്ടു വെക്കാൻ സാധ്യതയുള്ള ഓഫർ രണ്ടു വർഷത്തേക്ക് താരവുമായി കരാർ പുതുക്കുന്ന തരത്തിലായിരിക്കും. കരാർ രണ്ടു വർഷം നീണ്ടു നിൽക്കുമെങ്കിലും അടുത്ത സീസൺ പൂർത്തിയായാൽ താരത്തെ ക്ലബ് വിടാൻ പിഎസ്ജി അനുവദിക്കും. ഫ്രീ ട്രാൻസ്ഫറിൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ നഷ്ടപ്പെടുകയെന്ന പ്രതിസന്ധി അതോടെ ഇല്ലാതാകുന്നതും പിഎസ്ജിക്ക് ഗുണം ചെയ്യും.
എംബാപ്പയെ സംബന്ധിച്ച് റയൽ മാഡ്രിഡ് തന്നെയാണ് താരത്തിന്റെ ലക്ഷ്യം. താരത്തിനായി മികച്ച ഓഫറും ലോസ് ബ്ലാങ്കോസ് മുന്നോട്ടു വെക്കുന്നുണ്ട്. എന്നാൽ റയൽ മാഡ്രിഡ് നൽകുന്നതിനേക്കാൾ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്താണ് എംബാപ്പയെ നിലനിർത്താൻ പിഎസ്ജി തയ്യാറെടുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.