Kylian Mbappe

എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കാൻ ധാരണയിലെത്തിയിട്ടില്ല, ചർച്ചകൾ നടക്കുന്നുണ്ടെന്ന് താരത്തിന്റെ മാതാവ്

Sreejith N
Mbappe's Mother Denies PSG Contract Renewal Reports
Mbappe's Mother Denies PSG Contract Renewal Reports / John Berry/GettyImages
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ പിഎസ്‌ജിയുമായി രണ്ടു വർഷത്തേക്കു കൂടി കരാർ പുതുക്കാൻ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് താരത്തിന്റെ മാതാവും ഏജന്റുമായ ഫയ്‌സ ലമാരി. അതേസമയം കരാർ പുതുക്കാൻ വേണ്ടിയുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ലെ പാരിസിയനാണ് എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കാൻ ധാരണയിൽ എത്തിയെന്നു റിപ്പോർട്ടു ചെയ്‌തത്‌. പ്രതിവർഷം അമ്പതു മില്യൺ യൂറോ പ്രതിഫലവും നൂറു മില്യൺ യൂറോ സൈനിങ്‌ ബോണസും ഇതിനായി പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തുവെന്നും കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഉടമ്പടി കരാറിലുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ ഔദ്യോഗിക പ്രസ്‌താവനയിലൂടെ താരത്തിന്റെ മാതാവ് നിഷേധിച്ചു.

"പിഎസ്‌ജിയുമായോ മറ്റേതെങ്കിലും ക്ലബുമായോ തത്വത്തിൽ ഒരു ധാരണയിൽ എത്തിയിട്ടില്ല. കിലിയന്റെ ഭാവിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്. എല്ലാ കക്ഷികൾക്കും ബഹുമാനം നൽകിക്കൊണ്ടു തന്നെ അവന് ഏറ്റവും മികച്ച തിരഞ്ഞെടുപ്പു നടത്താൻ ഇതു സഹായിക്കും." ഔദ്യോഗിക പ്രസ്‌താവനയിലൂടെ ഫെയ്‌സ ലമാരി അറിയിച്ചു.

പിഎസ്‌ജിയുമായി എംബാപ്പെ കരാർ പുതുക്കിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതും അതപ്പോൾ തന്നെ മാതാവ് നിഷേധിച്ചതുമെല്ലാം താരത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. ലാ ലീഗ വിജയത്തിനു ശേഷം എംബാപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്ന സൂചനകൾ റയൽ പ്രസിഡന്റ് പെരസും പരിശീലകൻ ആൻസലോട്ടിയും നൽകിയെങ്കിലും കാര്യങ്ങൾ അത്രയെളുപ്പമല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ഈ സീസണിൽ 43 മത്സരങ്ങളിൽ നിന്നും 35 ഗോളുകളാണ് എംബാപ്പെ നേടിയിരിക്കുന്നത്. ടീമിന്റെ ഭാവിയിലേക്ക് ഏറ്റവും നിർണായക സാന്നിധ്യം ആയതിനാൽ തന്നെ എന്തു വില കൊടുത്തും താരത്തെ നിലനിർത്താനുള്ള ശ്രമങ്ങളാണ് പിഎസ്‌ജി നടത്തുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit