റയൽ മാഡ്രിഡിലേക്ക് ചേക്കേറാതിരിക്കാനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കി എംബാപ്പെ
By Sreejith N

ഫ്രീ ഏജന്റായി ഈ സീസണു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സമയത്ത് അതിൽ നിന്നും പുറകോട്ടു പോയി പിഎസ്‌ജിയിൽ തന്നെ തുടരാനുള്ള തീരുമാനം എടുത്തതിനു പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കിലിയൻ എംബാപ്പെ. ഫ്രഞ്ച് ജനത തന്നോടു കാണിച്ച വൈകാരിക സമീപനത്തിന്റെ ഭാഗമായാണ് ക്ലബിൽ തന്നെ തുടരാൻ താൻ തീരുമാനമെടുത്തതെന്നാണ് എംബാപ്പെ പറയുന്നത്.
മെറ്റ്‌സിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിനു തൊട്ടു മുൻപെയാണ് എംബാപ്പെ പുതിയ റയൽ മാഡ്രിഡ് കരാർ ഒപ്പിട്ടുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടത്. 2025 വരെ കരാർ പുതുക്കിയ ഇരുപത്തിമൂന്നു വയസുള്ള എംബാപ്പെ അതിനു പിന്നാലെ നടന്ന ഈ സീസണിലെ അവസാന മത്സരത്തിൽ ഹാട്രിക്ക് നേടുകയും ചെയ്‌തിരുന്നു.
Kylian Mbappé: “Message to Real Madrid fans? I wanna say thank you, as they always accepted me as one of them”. ⚪️ #Mbappé
— Fabrizio Romano (@FabrizioRomano) May 23, 2022
“I understand their disappointment, and I hope they understand I decided to stay in my country”.
"അങ്ങിനെയൊരു സാഹചര്യത്തിൽ എന്റെ രാജ്യം വിടുന്നതിൽ വൈകാരികമായൊരു വശം കൂടിയുണ്ട്. കൂടാതെ പദ്ധതികളിൽ മാറ്റം വന്നു, ക്ലബിന്റെ സ്പോർട്ടിങ് പദ്ധതികളിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട്, അതിനാൽ എന്റെ കഥയിവിടെ തീരുന്നില്ലെന്ന് ഞാൻ ചിന്തിച്ചു."
"ഞാൻ റയൽ മാഡ്രിഡ് ആരാധകർക്ക് നന്ദി പറയുന്നു. അവരിൽ ഒരാളായി എന്നെയവർ എല്ലായിപ്പോഴും അംഗീകരിച്ചിട്ടുണ്ട്. അവരുടെ നിരാശ ഞാൻ മനസിലാക്കുന്നു. പക്ഷെ ഞാൻ എന്റെ രാജ്യത്താണ് തുടരുന്നതെന്ന കാര്യം അവർ മനസിലാക്കുമെന്ന് ഞാൻ കരുതുന്നു. ഒരു ഫ്രഞ്ചുകാരൻ എന്ന നിലയിൽ എനിക്ക് എന്റെ രാജ്യത്തു തന്നെ തുടർന്ന് ചാമ്പ്യൻഷിപ്പ് വലുതാക്കണം." എംബാപ്പെ പത്രസമ്മേളനത്തിൽ പറഞ്ഞു.
പിഎസ്‌ജിയുമായി കരാർ പുതുക്കാൻ ക്ലബിന്റെ സ്പോർട്ടിങ് പ്രൊജക്റ്റിലടക്കം തനിക്ക് അധികാരം തന്നുവെന്ന വാർത്തകളെ എംബാപ്പെ തള്ളിക്കളഞ്ഞു. ഒരു കളിക്കാരനായി മാത്രം താൻ ക്ലബിനൊപ്പം തുടരുമെന്നും അതിനപ്പുറത്തേക്ക് പോകില്ലെന്നും എംബാപ്പെ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.