Football in Malayalam

ലയണൽ മെസി വന്നതു കൊണ്ടല്ല പിഎസ്‌ജി വിടാൻ ആഗ്രഹിച്ചത്, നെയ്‌മറോട് അതൃപ്‌തി ഉണ്ടായിരുന്നുവെന്നും എംബാപ്പെ

Sreejith N
FBL-EUR-C1-BRUGGE-PSG
FBL-EUR-C1-BRUGGE-PSG / KENZO TRIBOUILLARD/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതു കൊണ്ടല്ല താൻ ക്ലബ് വിടാൻ ആഗ്രഹിച്ചതെന്നു വ്യക്തമാക്കി ഫ്രഞ്ച് സൂപ്പർതാരം കെയ്‌ലിയൻ എംബാപ്പെ. യൂറോ കപ്പിനു ശേഷം തന്നെ പിഎസ്‌ജി വിടാനുള്ള ആഗ്രഹം താൻ ക്ലബ്ബിനെ അറിയിച്ചിരുന്നു എന്നു പറഞ്ഞ എംബാപ്പെ, മോണ്ട്പെല്ലിയറിനെതിരായ ലീഗ് മത്സരത്തിൽ പാസ് നൽകാതിരുന്ന നെയ്‌മറോട് അതൃപ്‌തി ഉണ്ടായിരുന്ന കാര്യവും വ്യക്തമാക്കി.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പെ പിഎസ്‌ജി വിട്ട് സ്‌പാനിഷ്‌ ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു. ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസങ്ങളിൽ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് 200 മില്യനോളം യൂറോ വാഗ്‌ദാനം ചെയ്‌തെങ്കിലും പിഎസ്‌ജി ഓഫറുകളെല്ലാം നിഷേധിക്കുകയാണുണ്ടായത്.

"പിഎസ്‌ജി വിടാമെന്ന തരത്തിൽ എന്റെ മനസു മാറുന്നത് ലയണൽ മെസി ക്ലബിലെത്തിയതിന്റെ ഭാഗമായല്ല. അതൊരു അനുഗ്രഹമാണ്, അദ്ദേഹം മഹത്തായ താരവുമാണ്. ഞാൻ പെട്ടെന്നുണ്ടാകുന്ന പ്രേരണകളിൽ തീരുമാനം എടുക്കാറില്ല. ഞാൻ വളരെക്കാലം ചിന്തിച്ച് ബുദ്ധിമുട്ടിയെടുത്ത തീരുമാനം ആണത്," എൽ'എക്വിപ്പെയോട് എംബാപ്പെ പറഞ്ഞു.

മോണ്ട്പെല്ലിയറിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ നെയ്‌മറുടെ പാസിൽ ഡ്രാക്‌സലർ ഗോൾ നേടിയപ്പോൾ ബ്രസീലിയൻ താരത്തെ വിമർശിച്ച് 'ബം' എന്നു വിളിച്ചത് സത്യമാണെന്നും എംബാപ്പെ പറഞ്ഞു. ആ മത്സരത്തിൽ നെയ്‌മർ തനിക്കു പാസ് നൽകാത്തതിൽ അതൃപ്‌തി ഉണ്ടായിരുന്നു എന്നു തന്നെയാണ് എംബാപ്പെ പറയുന്നത്.

"നെയ്‌മറെ 'ബം' എന്നു ഞാൻ വിളിച്ചത് സത്യം തന്നെയാണ്, താരത്തോട് പാസിന്റെ കാര്യത്തിൽ എനിക്ക് അതൃപ്‌തി ഉണ്ടായിരുന്നു. ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ എല്ലായിപ്പോഴും സംഭവിക്കുന്നതാണ്. അതുകൊണ്ടാണ് സംഭവത്തിനു ശേഷം ഞാൻ നെയ്‌മറോട് അതേക്കുറിച്ച് സംസാരിച്ചത്. ഞങ്ങൾക്ക് വിജയം നേടണം എന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്, അതിൽ യാതൊരു പ്രശ്‌നവുമില്ല," താരം പറഞ്ഞു.


facebooktwitterreddit