Football in Malayalam

കെയ്ലിൻ എംബാപ്പെ പിഎസ്‌ജി വിടുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ-മൗറോ ഇകാർഡി സ്വാപ് ഡീലിനുള്ള സാധ്യത വർധിപ്പിക്കും

Sreejith N
Paris Saint Germain v AS Monaco - French Cup Final
Paris Saint Germain v AS Monaco - French Cup Final / Xavier Laine/Getty Images
facebooktwitterreddit

പിഎസ്‌ജിയുമായി കരാർ പുതുക്കാൻ തനിക്കു താൽപര്യമില്ലെന്ന് എംബാപ്പെ പരിശീലകൻ പോച്ചട്ടിനോയെ അറിയിച്ചുവെന്ന മാർക്കയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു വമ്പൻ ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ തുറന്നിടുന്നതാണ്. പിഎസ്‌ജി വിടുകയാണെങ്കിൽ എംബാപ്പെ ചേക്കേറാൻ സാധ്യത താരത്തെ സ്വന്തമാക്കാൻ വളരെ നാളുകളായി കാത്തിരിക്കുന്ന റയൽ മാഡ്രിഡിലേക്കു തന്നെയാകുമെന്നതിൽ യാതൊരു തർക്കവുമില്ല.

കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ അറിയിച്ചതോടെ താരത്തെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ പിഎസ്‌ജിക്ക് ഒഴിവാക്കേണ്ടി വരും. അതല്ലെങ്കിൽ നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരത്തെ ഒരു വർഷത്തിനു ശേഷം ഫ്രീ ഏജന്റായാണ് പിഎസ്‌ജിക്ക് നഷ്‌ടപ്പെടുക. അതൊഴിവാക്കാൻ താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി നടത്തുമ്പോൾ മറ്റൊരു വമ്പൻ ട്രാൻസ്ഫറിനു കൂടിയാണ് വഴിയൊരുങ്ങുക.

എംബാപ്പെ പിഎസ്‌ജി വിടുന്നതോടെ യുവന്റസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രഞ്ച് ക്ലബിൽ എത്താനുള്ള സാധ്യതകൾ കൂടിയാണ് വർധിക്കുക. യുവന്റസുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ള താരം ഇറ്റാലിയൻ ക്ലബിൽ തുടരുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. അതേസമയം റൊണാൾഡോയെ സ്വന്തമാക്കാൻ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് കഴിഞ്ഞ സീസൺ മുതലേ വ്യക്തമാക്കിയ പിഎസ്‌ജി ഈ അവസരം മുതലാക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

റൊണാൾഡോയെ സ്വന്തമാക്കുന്നതിൽ പിഎസ്‌ജിക്കുണ്ടായിരുന്ന പ്രധാന തടസം ക്ലബിന്റെ വേതന ബില്ലായിരുന്നു. പുതിയ സീസണു മുന്നോടിയായി സെർജിയോ റാമോസ്, അഷ്‌റഫ് ഹക്കിമി, വൈനാൾഡം, ഡോണറുമ്മ എന്നിവരെ സ്വന്തമാക്കിയ പിഎസ്‌ജിക്ക് റൊണാൾഡോയുടെ പ്രതിഫലം കൂടി താങ്ങാൻ കഴിയുന്നതല്ല. എന്നാൽ പിഎസ്‌ജിയിൽ ഏറ്റവുമധികം തുക വേതനം വാങ്ങുന്ന താരങ്ങളിൽ ഒരാളായ എംബാപ്പെ ക്ലബ് വിടുന്നതോടെ അവർക്കു മുന്നിലുള്ള ഈ പ്രതിസന്ധി നീങ്ങും.

അതേസമയം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരമാണെങ്കിലും റൊണാൾഡോ ക്ലബ് വിടുന്നത് യുവന്റസിനും നേട്ടങ്ങൾ നൽകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ബാധിച്ച യുവന്റസിന്റെ വേതനബിൽ കുറയുമെന്നതിനു പുറമെ കുറച്ചു കാലമായി നോട്ടമിട്ടിട്ടുള്ള അർജന്റീനിയൻ മുന്നേറ്റനിര താരം മൗറോ ഐകാർഡിയെ പിഎസ്‌ജിയിൽ നിന്നും സ്വന്തമാക്കാനും ഓൾഡ് ലേഡിക്ക് കഴിയും.

മികച്ച സ്‌ട്രൈക്കറായി കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങളുള്ള പിഎസ്‌ജി മുന്നേറ്റനിരയിൽ ഇകാർഡിക്ക് അവസരങ്ങൾ കുറവായിരുന്നു. റൊണാൾഡോ ക്ലബിലെത്തുകയാണെങ്കിൽ അത് അർജന്റീനിയൻ താരത്തിന് കൂടുതൽ തിരിച്ചടിയാവും. സ്വാഭാവികമായും തന്റെ മികവ് പൂർണമായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടുള്ള സീരി എയിലെ രണ്ടാമങ്കത്തിനു തന്നെയാവും ഇകാർഡിക്ക് താൽപര്യം.

റാമോസിനെ ഒഴിവാക്കുകയും വരാനെയെ വിൽക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നതോടെ എംബാപ്പെ ട്രാൻസ്ഫറിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ റയൽ നടത്തുന്നുണ്ടെന്നു തന്നെയാണ് അനുമാനിക്കേണ്ടത്. എന്തായാലും എംബാപ്പെ പിഎസ്‌ജി വിട്ട് മറ്റേതു ക്ലബ്ബിലേക്ക് ചേക്കേറിയാലും അത് ട്രാൻസ്‌ഫർ മാർക്കറ്റിൽ വലിയ ചലനങ്ങൾ തന്നെയാണ് സൃഷ്ടിക്കുകയെന്ന കാര്യത്തിൽ സംശയമില്ല.

facebooktwitterreddit