ഭാവിയെക്കുറിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന് എംബാപ്പെ, ഉടനെ പ്രഖ്യാപിക്കുമെന്നും താരം


അടുത്ത സീസണിൽ പിഎസ്ജിയിൽ തന്നെ തുടരുമോ, അതോ മറ്റേതെങ്കിലും ക്ലബിലേക്ക് ചേക്കേറുമോയെന്ന കാര്യത്തിൽ താൻ തീരുമാനം എടുത്തിട്ടുണ്ടെന്ന് പിഎസ്ജി സൂപ്പർതാരം കിലിയൻ എംബാപ്പെ. ഏതാനും ചെറിയ കാര്യങ്ങൾ കൂടി അതിൽ പൂർത്തിയാകാനുണ്ടെന്നും അതിനു ശേഷം ഉടനെ തന്നെ ഭാവിയെ കുറിച്ച് പ്രഖ്യാപനം നടത്തുമെന്നും എംബാപ്പെ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ കിലിയൻ എംബാപ്പയുടെ കരാർ ഈ സീസൺ പൂർത്തിയാകുന്നതോടെ അവസാനിക്കാൻ പോവുകയാണ്. സമ്മറിൽ താരം ഫ്രീ ട്രാൻസ്ഫറിൽ റയലിലേക്ക് ചേക്കേറുമോ അതോ കരാർ പുതുക്കി പിഎസ്ജിയിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ നിൽക്കെയാണ് ഭാവിയെക്കുറിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന നിർണായക വെളിപ്പെടുത്തൽ താരം നടത്തിയത്.
Kylian Mbappe is ready to make his decision ? pic.twitter.com/cjuW8LmAGd
— GOAL (@goal) May 15, 2022
"അതടുത്തു തന്നെ എല്ലാവരും അറിയും, അത് ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. അതെ, ഞാൻ ഏറെക്കുറെ തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട്. എന്താണ് ഞാനിത്രയും സാവധാനത്തിൽ പോകുന്നതെന്നോ? നമ്മൾ എല്ലാവരെയും ബഹുമാനിച്ച് മുന്നോട്ടു പോകണം." ലീഗ് വണിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം എംബാപ്പെ പറഞ്ഞു.
"ആളുകൾ എന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതു സ്വാഭാവികമാണ്. എനിക്കും ധൃതിയുണ്ട്. എന്നാൽ ഇതെന്നെ സംബന്ധിച്ചു മാത്രമുള്ള കാര്യമില്ല. പക്ഷെ ഇതിപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. ചില കാര്യങ്ങൾ മാത്രമേ അതിൽ ബാക്കിയുള്ളൂ." എംബാപ്പെ വ്യക്തമാക്കി.
എംബാപ്പെയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ പിഎസ്ജി സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെങ്കിലും താരം തങ്ങളുടെ തട്ടകത്തിലേക്കു തന്നെ വരുമെന്ന ഉറച്ച പ്രതീക്ഷ റയൽ മാഡ്രിഡിനുണ്ട്. എന്നാൽ അടുത്തിടെ എംബാപ്പെ പിഎസ്ജിയിൽ തന്നെ തുടരുമെന്ന കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്ന് പോച്ചട്ടിനോ പറഞ്ഞത് ഫ്രഞ്ച് ക്ലബിന്റെ ആരാധകർക്ക് പ്രതീക്ഷയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.