മെസിയും നെയ്‌മറുമടക്കമുള്ള പിഎസ്‌ജി താരങ്ങൾക്കെതിരെയുള്ള ആരാധകരോഷം, അഭ്യർത്ഥനയുമായി എംബാപ്പയും പോച്ചട്ടിനോയും

Mbappe, Pochettino Urge PSG Fans To Back Team
Mbappe, Pochettino Urge PSG Fans To Back Team / David Ramos/GettyImages
facebooktwitterreddit

മെസി, നെയ്‌മർ തുടങ്ങിയവരടക്കമുള്ള താരങ്ങൾക്കെതിരെ പിഎസ്‌ജി ആരാധകരുടെ രോഷം ശക്തമാനെന്നിരിക്കെ ആരാധകരോട് അഭ്യർത്ഥനയുമായി പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയും ടീമിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പയും. ഒളിമ്പിക് മാഴ്‌സയെ അടുത്ത ലീഗ് മത്സരത്തിൽ നേരിടാനിരിക്കെ പിഎസ്‌ജി ആരാധകരുടെ പിന്തുണ തങ്ങൾക്ക് ആവശ്യമുണ്ടെന്ന് ഇരുവരും കഴിഞ്ഞ ദിവസം പറഞ്ഞു.

ഫ്രഞ്ച് കപ്പിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള ടീമിന്റെ പുറത്താകലിനു ശേഷമാണ് ടീമിലെ താരങ്ങൾക്കെതിരെ പിഎസ്‌ജി ആരാധകർ തിരിഞ്ഞത്. റയൽ മാഡ്രിഡിനോടു തോറ്റു ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു ശേഷം നടന്ന ലീഗ് മത്സരത്തിൽ എംബാപ്പെ ഒഴികെയുള്ള പിഎസ്‌ജി താരങ്ങളെ ആരാധകർ കൂക്കി വിളിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പരിശീലകനും താരവും അഭ്യർത്ഥനയുമായി എത്തിയത്.

"ആരാധകർ ഞങ്ങൾക്കൊപ്പം നിൽക്കുന്നതാണ് പ്രിയപ്പെട്ട കാര്യം. അവരുടെ നിരാശ ഞങ്ങൾ മനസിലാക്കുന്നു. അവർ ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ അത് മനോഹരമായ കാര്യമാണ്. എന്നാൽ അങ്ങിനെയില്ലെങ്കിലും ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും." കനാൽ പ്ലസിനോട് സംസാരിക്കുമ്പോൾ എംബാപ്പെ പറഞ്ഞു. ഇതിനൊപ്പം പോച്ചട്ടിനോയും സമാനമായ തന്റെ അഭിപ്രായം വെളിപ്പെടുത്തി.

"ഞായറാഴ്ച്ച മാഴ്‌സക്കെതിരെ നടക്കാനിരിക്കുന്നത് ഒരു ബോണസ് മത്സരമല്ല. അതൊരു സ്‌പെഷ്യൽ മത്സരമാണ്. പിന്തുണ നൽകുന്ന ആളുകൾക്ക് പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇവിടെ ജനാധിപത്യമുണ്ട്, എന്നാൽ അവർ നിരാശയും ദേഷ്യവും ഒരു വശത്തേക്കു മാറ്റി വെച്ച് ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് ലോകത്തിനു മുന്നിൽ നമ്മുടെ ക്ലബ്ബിനെ കുറിച്ച് ഒരു ശക്തമായ ചിത്രം നൽകും." പോച്ചട്ടിനോ പറഞ്ഞു.

റയൽ മാഡ്രിഡിനെതിരായ തോൽവിക്കു ശേഷം താരങ്ങൾക്കു നേരെയുണ്ടായ ആരാധകരോഷം കൊണ്ടാണോ എന്നറിയില്ല, പിഎസ്‌ജിയുടെ പ്രകടനത്തിൽ വലിയ മാറ്റം ഇപ്പോൾ കാണുന്നുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പതിനൊന്നു ഗോളുകൾ നേടിയ ടീമിനു മാഴ്‌സക്കെതിരെയും ആ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ അതു ആരാധകർക്ക് അവരുടെ നിരാശയെ മറക്കാനും ഒരു പരിധി വരെ സഹായിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.