Football in Malayalam

"പിഎസ്‌ജിയാണോ എനിക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച ഇടം?"- ട്രാൻസ്‌ഫർ അഭ്യൂഹങ്ങളെ ആളിക്കത്തിച്ച് കെയ്‌ലിയൻ എംബാപ്പെ

Sreejith N
France v Bulgaria - International Friendly
France v Bulgaria - International Friendly / Aurelien Meunier/Getty Images
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടാനുള്ള സാധ്യതകൾ വർധിപ്പിക്കുന്ന പ്രസ്‌താവനയുമായി ഫ്രഞ്ച് മുന്നേറ്റനിര താരം കെയ്‌ലിയൻ എംബാപ്പെ. പിഎസ്‌ജി തനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ക്ലബാണോയെന്ന കാര്യത്തിൽ തനിക്കു വ്യക്തതയില്ലെന്നു പറഞ്ഞ എംബാപ്പെ തന്റെ അസാന്നിധ്യത്തിൽ ഫ്രഞ്ച് ക്ലബിന്റെ പദ്ധതികൾ നിലവിലുള്ളതു പോലെ തന്നെ തുടരില്ലെന്ന കാര്യം അറിയാമെന്നും വ്യക്തമാക്കി.

"വളരെ വേഗത്തിൽ മുന്നോട്ടു പോകേണ്ട ആവശ്യം എനിക്കില്ല. ശരിയായ തീരുമാനമാണ് എടുക്കേണ്ടത്, അത് വളരെ ബുദ്ധിമുട്ടുള്ളതും. ഒപ്പം എന്റെ മനസു മാറ്റാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യണം. ഞാനിഷ്ടപ്പെടുന്ന സ്ഥലത്താണ് ഇപ്പോഴുള്ളത്, ഇവിടം മികച്ച അനുഭവവും നൽകുന്നു. എന്നാൽ ഇതാണോ എനിക്കു ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച സ്ഥലം? അതിനുള്ള മറുപടി എനിക്ക് ലഭിച്ചിട്ടില്ല."

"ഞാനുള്ളപ്പോഴും ഇല്ലാത്തപ്പോഴും ക്ലബിന്റെ പദ്ധതികൾ ഒരുപോലെയായിരിക്കില്ലെന്ന് എനിക്കറിയാം. പക്ഷെ പിഎസ്‌ജിക്ക് എന്റെ വികാരങ്ങൾ മനസിലാക്കാൻ കഴിയും. ഞാനവരോട് കാപട്യം കാണിക്കില്ലെന്ന കാര്യം അവർക്കറിയാമെന്നത് കൂടിയാണ് അതിനു കാരണം. ഒരു മികച്ച കളിക്കാരനെന്നത് കളിക്കളത്തിനും പുറത്തും വളരെ നിലവാരത്തോടെ കാര്യങ്ങൾ ചെയ്യുന്നയാളായിരിക്കണം." ഫ്രാൻസ് ഫുട്ബോളിനോട് എംബാപ്പെ പറഞ്ഞു.

എംബാപ്പെ പിഎസ്‌ജി വിടില്ലെന്ന പിഎസ്‌ജി പ്രസിഡന്റിന്റെ പ്രസ്‌താവന വന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരം ഇത്തരമൊരു പ്രതികരണം നടത്തിയത്. ഫ്രാൻസ് യൂറോ കപ്പിൽ ആദ്യ മത്സരം കളിക്കാനിരിക്കെ നടത്തിയ ഈ വെളിപ്പെടുത്തൽ യൂറോക്ക് ശേഷം താരം ഫ്രഞ്ച് ക്ലബ് വിടാനുള്ള സാധ്യതകൾ തുറന്നിടുന്നു. അടുത്ത സീസണോടെ താരത്തിന്റെ പിഎസ്‌ജി കരാർ അവസാനിക്കാനിരിക്കയുമാണ്.

facebooktwitterreddit