മെസിയും നെയ്മറുമായുള്ള ഒത്തിണക്കം ഇപ്പോൾ മാത്രമാണു വന്നതെന്നതിൽ നിരാശ വെളിപ്പെടുത്തി എംബാപ്പെ


ലയണൽ മെസി, നെയ്മർ എന്നിവരുമായി കളിക്കളത്തിലുള്ള ഒത്തിണക്കം ഇപ്പോൾ മാത്രമാണ് സംഭവിച്ചതെന്നതിൽ നിരാശ വെളിപ്പെടുത്തി പിഎസ്ജി സൂപ്പർതാരം കിലിയൻ എംബാപ്പെ. ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ക്ലെർമണ്ട് ഫൂട്ടിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു എംബാപ്പെ.
മെസി, നെയ്മർ, എംബാപ്പെ സഖ്യം ഏറ്റവും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ നെയ്മർ, എംബാപ്പെ എന്നിവർ മൂന്നു ഗോളുകൾ വീതം നേടിയപ്പോൾ മൂന്ന് അസിസ്റ്റുകളുമായി മെസിയും തന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. അതിനു ശേഷം കനാൽ പ്ലസിനോട് സംസാരിക്കുമ്പോഴാണ് എംബാപ്പെ തനിക്കൊപ്പം മുന്നേറ്റനിരയിൽ കളിക്കുന്ന താരങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
NEYMAR HATRICK.
— B/R Football (@brfootball) April 9, 2022
MBAPPÉ HAT TRICK.
MESSI HAT TRICK OF ASSISTS.
? pic.twitter.com/LvIofWQRE1
"ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾ വളരെയധികം ആസ്വദിക്കുകയും ആസ്വദിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിഎസ്ജിയുടെ ചരിത്രത്തിലെ പത്താമത്തെ കിരീടത്തിലേക്കുള്ള പാതയിൽ ഞങ്ങൾ തുടരുകയാണ്. അതു വളരെ ദൂരെയാണെന്ന് ഞാൻ കരുതുന്നില്ല, ഞങ്ങൾ വളരെ സംതൃപ്തരാണ്."
ഞങ്ങൾ തമ്മിലുള്ള ഒത്തിണക്കം ഇപ്പോൾ മാത്രമാണുണ്ടായത് എന്നതു ലജ്ജാകരമാണ്. എന്നാൽ അതു വൈകുന്നതിന് തീർത്തും ന്യായമായ സംഭവങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ മൂന്നു നിലവാരമുള്ള കളിക്കാരാണ്, ഞങ്ങൾ ടീമിനെ സാധ്യമായ രീതിയിലെല്ലാം സഹായിക്കാൻ ശ്രമിക്കും, അതാണ് ഇന്നു സംഭവിച്ചതും." എംബാപ്പെ വ്യക്തമാക്കി.
ഈ താരങ്ങളുമായി നേരത്തെ തന്നെ ഇത്രയും ഒത്തിണക്കൽ ഇല്ലാതിരുന്നതിനെ കുറിച്ച് ജീവിതത്തിൽ ചിലപ്പോൾ വിജയവും ചിലപ്പോൾ തോൽവിയും ഉണ്ടാകുമെന്നാണ് എംബാപ്പെ പ്രതികരിച്ചത്. ചില വേദനകൾ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നോട്ടു പോവുകയെന്നതാണ് ലക്ഷ്യമെന്നും കിരീടങ്ങൾ നേടി ഒരു വലിയ ക്ലബും വലിയ ടീമുമാണെന്ന് തെളിയിക്കണമെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.