'അസാധാരണമായ അഞ്ച് വർഷങ്ങൾ താൻ പിഎസ്ജിയിൽ ചിലവഴിച്ചു'; ഫ്രഞ്ച് ക്ലബ്ബിൽ സന്തുഷ്ടനാണെന്ന സൂചനകൾ നൽകി കെയ്ലിൻ എംബാപ്പെ

അടുത്ത സമ്മറിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ, ക്ലബ്ബ് വിട്ടേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്. വമ്പൻ താരനിര നിറഞ്ഞ പിഎസ്ജിയിൽ തുടരാൻ എംബാപ്പെക്ക് താല്പര്യമില്ലെന്നും പുതിയ വെല്ലുവിളികൾ നേരിടുന്നതിന് വേണ്ടി ക്ലബ്ബ് വിടാൻ അദ്ദേഹം തീരുമാനിച്ചെന്നും കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങളുണ്ട്. എന്നാൽ പിഎസ്ജിയിൽ താൻ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ താൻ അവിടെ സന്തുഷ്ടനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് എംബാപ്പെ.
അസാധാരണമായ അഞ്ച് വർഷങ്ങൾ താൻ പാരീസ് സെന്റ് ജെർമ്മനൊപ്പം ചിലവഴിച്ചുവെന്ന് പറയുന്ന എംബാപ്പെ, ക്ലബ്ബിലുണ്ടായിരുന്ന ഓരോ നിമിഷവും താൻ പ്രയോജനപ്പെടുത്തിയെന്നും വ്യക്തമാക്കി. കളിക്കളത്തിലും വ്യക്തിപരമായ ജീവിതത്തിലും താൻ പിഎസ്ജിയിൽ സന്തുഷ്ടനാണെന്ന് ഇതിനൊപ്പം ചൂണ്ടിക്കാട്ടാനും അദ്ദേഹം മറന്നില്ല.
"അസാധാരണമായ അഞ്ച് വർഷങ്ങൾ ഞാൻ ഇവിടെ ചിലവഴിച്ചു. ഓരോ നിമിഷവും ഞാൻ പ്രയോജനപ്പെടുത്തി, അത് തുടരുകയും ചെയ്യുന്നു. കളിക്കളത്തിലും, വ്യക്തിപരമായ ജീവിതത്തിലും ഞാൻ സന്തുഷ്ടനാണ്."
"ഇപ്പോൾ ധാരാളം കാര്യങ്ങളുണ്ട്, വലിയ വെല്ലുവിളികളുണ്ട്. അതേക്കുറിച്ച് ഞാൻ ഇതിനോടകം സംസാരിച്ചു കഴിഞ്ഞു." ടിഎൻടി ബ്രസീലിനോട് സംസാരിക്കവെ എംബാപ്പെ പറഞ്ഞു.
Kylian Mbappe offers latest hint on club future as PSG free transfer exit loomshttps://t.co/Ordm2RQcb2 pic.twitter.com/M5MqR1TPxY
— Mirror Football (@MirrorFootball) November 14, 2021
2021-22 സീസൺ അവസാനിച്ചതിന് ശേഷം പിഎസ്ജിയിൽ തുടരുമോയെന്ന ചോദ്യവും സംസാരത്തിനിടെ എംബാപ്പെക്ക് നേരിടേണ്ടി വന്നു. എന്നാൽ ഇതിന് കൃത്യമായ മറുപടി നൽകാൻ തയ്യാറാകാതിരുന്ന എംബാപ്പെ, താൻ ഇപ്പോൾ ഇവിടെയുണ്ടെന്നും, ഈ സീസണിൽ ഇവിടെയുണ്ടാകുമെന്നുമാണ് ഉത്തരം നൽകിയത്.
അതേ സമയം 2017 ൽ ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയിൽ നിന്ന് പിഎസ്ജിയിലെത്തിയ എംബാപ്പെ അന്ന് മുതൽ ക്ലബ്ബിന്റെ സുപ്രധാന താരങ്ങളിൽ ഒരാളാണ്. ഫ്രഞ്ച് ക്ലബ്ബിനായി ഇതു വരെ 187 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഈ ഇരുപത്തിരണ്ടുകാരൻ, 139 ഗോളുകൾ നേടിയതിനൊപ്പം 72 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.