4 ഗോളുകളടിച്ച് തകർപ്പൻ റെക്കോർഡിനൊപ്പമെത്തി എംബാപ്പെ;എതിരാളികളെ ഗോൾമഴയിൽ മുക്കി ഫ്രാൻസ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

കസാക്കിസ്ഥാനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 4 ഗോളുകൾ അടിച്ചു കൂട്ടി ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ. പാരീസിൽ വെച്ചു നടന്ന മത്സരത്തിൽ കെയ്ലിൻ എംബാപ്പെയുടെ ഗോളടി മികവിൽ മുന്നേറിയ ഫ്രാൻസ്, മറുപടിയില്ലാത്ത എട്ട് ഗോളുകൾക്ക് എതിരാളികളെ തകർക്കുകയായിരുന്നു. ഈ വിജയത്തോടെ ക്വാളിഫയിംഗ് റൗണ്ടിലെ ഗ്രൂപ്പ് ചാമ്പ്യന്മാരായി 2022 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കാനും ഫ്രാൻസിന് കഴിഞ്ഞു.
കസാക്കിസ്ഥാനെതിരായ നാല് ഗോൾ നേട്ടത്തോടെ 63 വർഷങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രാൻസ് താരമായും എംബാപ്പെ മാറി. 1958 ജൂണിൽ ജസ്റ്റ് ഫൊണ്ടൈനായിരുന്നു ഇതിന് മുൻപ് ഫ്രാൻസ് ദേശീയ ടീമിനായി ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടിയ താരം. അന്ന് പശ്ചിമജർമ്മനിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ഫൊണ്ടെയിന്റെ ഗോളടി മേളം. ഫൊണ്ടെയിൻ നാല് ഗോളുകളടിച്ച് 63 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ എംബാപ്പെയും നാല് ഗോളുകളുമായി ചരിത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുന്നത്.
4 - Kylian Mbappé is the first player to score 4+ goals with France since Just Fontaine in June 1958 against West Germany (also 4). Sniper. #FRAKAZ pic.twitter.com/p1vETQ16pA
— OptaJean (@OptaJean) November 13, 2021
കസാക്കിസ്ഥാനെതിരായ മത്സരത്തിന്റെ ആറാം മിനുറ്റിൽ ഗോളടി തുടങ്ങിയ എംബാപ്പെ, ആറ് മിനുറ്റുകൾക്ക് ശേഷം വീണ്ടും വല കുലുക്കുകയായിരുന്നു. മുപ്പത്തിരണ്ടാം മിനുറ്റിൽ ഹാട്രിക്ക് തികച്ച താരം എൺപത്തിയേഴാം മിനുറ്റിലാണ് നാലാമത്തെ ഗോൾ സ്കോർ ചെയ്തത്. അതേ സമയം കെയ്ലിൻ എംബാപ്പെയുടെ നാല് ഗോളുകൾക്ക് പുറമേ കരീം ബെൻസേമയുടെ ഇരട്ട ഗോളുകളും കസാക്കിസ്ഥാനെതിരെ കൂറ്റൻ ജയം നേടാൻ ഫ്രാൻസിനെ സഹായിച്ചു. ഇവർക്ക് പുറമേ അഡ്രിയാൻ റാബിയറ്റ്, അന്റോയിൻ ഗ്രീസ്മാൻ എന്നിവരും അവർക്കായി വല കുലുക്കി.
കസാക്കിസ്ഥാനെതിരായ വിജയത്തിലൂടെ ഖത്തർ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാനും ഫ്രാൻസിന് കഴിഞ്ഞു. യൂറോപ്യൻ മേഖലയിലെ യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് ഡി യിൽ കളിക്കുന്ന ഫ്രാൻസിന് നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണുള്ളത്. യോഗ്യതാ റൗണ്ടിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ രണ്ടാം സ്ഥാനക്കാരായ ഫിൻലൻഡുമായി 4 പോയിന്റ് വ്യത്യാസമാണ് അവർക്കുള്ളത്. ഇതോടെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ അവർ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചത്.