എംബാപ്പയോട് പിഎസ്‌ജിയിൽ തുടരാൻ അഭ്യർത്ഥിച്ച എട്ടു വയസുകാരിക്കു നേരെ ക്രൂരമായ അധിക്ഷേപം, പ്രതികരണവുമായി ഫ്രഞ്ച് താരം

Olympique Lyonnais v Paris Saint Germain - Ligue 1 Uber Eats
Olympique Lyonnais v Paris Saint Germain - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

കിലിയൻ എംബാപ്പയോട് പിഎസ്‌ജിയിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ച എട്ടു വയസുകാരിയായ പെൺകുട്ടിക്കു നേരെ സോഷ്യൽ മീഡിയയിൽ ഉണ്ടായ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച് ഫ്രഞ്ച് താരം. ശരീരത്തിന്റെ സ്വാഭാവികമായ ഘടനയെ ബാധിക്കുന്ന അസുഖമായ വാക്ട്രൽ സിൻഡ്രോം ബാധിച്ച എട്ടു വയസുകാരിയായ കമിലയാണ് എംബാപ്പക്ക് അയച്ച സന്ദേശത്തിന്റെ പേരിൽ അധിക്ഷേപം ഏറ്റു വാങ്ങിയത്.

എ സ്‌മൈൽ ഫോർ കമില എന്ന ട്വിറ്റർ പേജിൽ നിന്നാണ് എട്ടു വയസുകാരി എംബാപ്പക്ക് സന്ദേശമയച്ചത്. "ദയവു ചെയ്‌ത് പിഎസ്‌ജിയിൽ തന്നെ തുടർന്ന് ഞങ്ങളെ വീണ്ടും സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുക. ഞങ്ങൾ നിങ്ങളെ ഇഷ്‌ടപ്പെടുന്നു." എന്നതായിരുന്നു വീഡിയോ സന്ദേശം. എന്നാൽ ഇതിനോട് പലരും മോശമായ രീതിയിലാണ് പ്രതികരിച്ചത്.

എട്ടു വയസുകാരിയെ ലക്ഷ്യമിട്ടു നടക്കുന്ന അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംബാപ്പെ ഉടൻ തന്നെ സന്ദേശത്തിനു മറുപടി നൽകുകയും മോശമായ കമന്റുകൾ ഇടുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. "എന്റെ കൊച്ചു കമിലക്ക് ഞാനും പുതുവർഷാശംസകൾ നേരുന്നു. ഈ പോരാട്ടം തുടരുക, ജീവിതത്തിന്റെ ഒരു വലിയ പാഠമാണ് നിങ്ങൾ മനസിലാക്കി തരുന്നത്." താരം കുറിച്ചു.

അതിനു ശേഷം മോശം കമന്റ് ഇട്ട് എട്ടു വയസുകാരിക്കെതിരെ അധിക്ഷേപം നടത്തുന്നവർക്കെതിരെ താരം പ്രതികരിക്കുകയും ചെയ്‌തു. "ഒരു കുട്ടിക്കു നേരെയുള്ള കമന്റിലെ ഹിംസ ഇത്രയും കൂടുതലുണ്ടെങ്കിൽ നമ്മൾ ശരിക്കും അടിത്തട്ടിൽ എത്തിയിട്ടുണ്ട്. അൽപ്പമെങ്കിലും ബോധം നമുക്കുണ്ടാകണം." താരം കുറിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.