അഞ്ചു ഗോളുകളിൽ പങ്കാളിയായ പ്രകടനത്തിനു ശേഷം പിഎസ്ജിയിൽ തന്നെ തുടരുമെന്ന സൂചന നൽകി എംബാപ്പെ


ലോറിയന്റിനെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ അഞ്ചു ഗോളുകളിൽ പങ്കാളിയായി പിഎസ്ജിയെ മികച്ച വിജയത്തിലേക്ക് നയിച്ചതിനു ശേഷം ഫ്രഞ്ച് ക്ലബിനൊപ്പം തുടരാനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിച്ചിട്ടില്ലെന്നു വ്യക്തമാക്കി മുന്നേറ്റനിര താരം കിലിയൻ എംബാപ്പെ. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ എംബാപ്പെ മൂന്ന് അസിസ്റ്റും നൽകിയതോടെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. മത്സരത്തിൽ നെയ്മറും ഇരട്ടഗോൾ നേടിയപ്പോൾ മെസിയും ഒരു ഗോൾ കണ്ടെത്തി.
നിലവിലെ ട്രാൻസ്ഫർ ചർച്ചകളിൽ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് എംബാപ്പയുടേത്. ഈ സീസണു ശേഷം പിഎസ്ജി കരാർ അവസാനിക്കുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ ശക്തമായിരുന്നു. എന്നാൽ തന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ലെന്നാണ് എംബാപ്പെ വ്യക്തമാക്കുന്നത്.
Messi, Neymar and Mbappe all score in the same game for the very first time ? pic.twitter.com/vD3PPZ05Sz
— ESPN FC (@ESPNFC) April 3, 2022
"ഞാനൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതു ഞാൻ പറയും. എനിക്കൊരാളോടും മറുപടി പറയേണ്ട കാര്യമില്ല. ഞാനെടുക്കുന്ന തീരുമാനത്തിന്റെ ഉത്തരവാദിത്വവും എനിക്കു തന്നെയാണ്. നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ച് ഞാൻ തന്നെ ചിന്തിച്ചിട്ടുണ്ട്. എനിക്കൊന്നും ഒളിക്കാനില്ല, ഞാനാരെയും കൊന്നിട്ടില്ല. എനിക്കു കഴിയാവുന്നതിൽ ഏറ്റവും മികച്ച തീരുമാനം എടുക്കുകയാണ് വേണ്ടത്."
"ഞാനിപ്പോഴും ചിന്തിക്കുകയാണ്. കാരണം ഇതിൽ പുതിയ ഘടകങ്ങളും പരിധികളുമുണ്ട്. എനിക്ക് ശരിയായ തീരുമാനം എടുക്കണം. ആളുകൾക്കത് കുറച്ചു സമയമെടുക്കുമെന്ന് എനിക്കറിയാം." എംബാപ്പെ ആമസോൺ പ്രൈമിനോട് പറഞ്ഞു. പിന്നീട് പിഎസ്ജിയിൽ തുടരാനുള്ള സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് "അതെ, തീർച്ചയായും" എന്ന മറുപടിയും താരം നൽകുകയുണ്ടായി.
എംബാപ്പയുടെ കരാർ അവസാനിക്കുന്നതും ബാഴ്സലോണയിൽ നിന്നുമെത്തിയ ലയണൽ മെസിക്ക് മികച്ച പ്രകടനം നടത്താൻ കഴിയാത്തതും ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള പുറത്താകലും ഉൾപ്പെടെ പിഎസ്ജിയെ സംബന്ധിച്ച് ഒരു മോശം വർഷമാണിത്. എംബാപ്പെ കരാർ പുതുക്കിയാൽ ഈ തിരിച്ചടികൾക്കിടയിൽ ടീമിനത് കൂടുതൽ പ്രതീക്ഷ നൽകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.