Football in Malayalam

പിഎസ്‌ജിയിൽ തുടർന്നാൽ എംബാപ്പെ ബാലൺ ഡി ഓർ വിജയിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് നോയൽ ലെ ഗ്രേയ്റ്റ്

Sreejith N
Mbappe Has Better Chance To Win Ballon D'or At PSG
Mbappe Has Better Chance To Win Ballon D'or At PSG / Catherine Steenkeste/GettyImages
facebooktwitterreddit

എംബാപ്പയോട് പിഎസ്‌ജിയിൽ തുടർന്നു തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രേയ്റ്റ്. പിഎസ്‌ജിയിൽ തുടർന്നാൽ മറ്റു ക്ലബുകളെ അപേക്ഷിച്ച് എംബാപ്പെക്കു ബാലൺ ഡി ഓർ നേടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണു ശേഷം പിഎസ്‌ജി കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ അതിനു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന കാര്യം തീർച്ചയാണ്. താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ പിഎസ്‌ജി സജീവമായി തുടരുന്നതിനിടെയാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ഇക്കാര്യം ആവശ്യപ്പെട്ടത്.

"കിലിയൻ പാരീസിൽ തുടരണമെന്നാണ് എന്റെ ആഗ്രഹം. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുള്ളത് ഫ്രഞ്ച് ഫുട്ബോളിനും നല്ലതാണ്. മറ്റെവിടത്തെക്കാളും പിഎസ്‌ജിയിൽ താരത്തിനു ബാലൺ ഡി ഓർ നേടാനുള്ള സാധ്യത വളരെ കൂടുതലാണ്."

"ക്ലബുകൾ മാറുമ്പോൾ അവിടുത്തെ അന്തരീക്ഷവുമായും നമ്മൾ പൊരുത്തപ്പെടേണ്ടി വരും. പിഎസ്‌ജി ഇപ്പോൾ തോൽക്കുന്ന സമയമാകാം. പക്ഷെ, അവർ മഹത്തായ ക്ലബുകളിലൊന്നാണ്" ലാ ഗ്രേയ്റ്റ് ക്വസ്റ്റ് ഫ്രാൻസിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് വിജയമാണ് പിഎസ്‌ജിയുടെ പ്രധാന ലക്‌ഷ്യം എന്നിരിക്കെ അവിടെ തന്നെ തുടർന്നാൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ എംബാപ്പക്ക് ബാലൺ ഡി ഓർ വിജയം നേടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഈ സീസണിലും പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെട്ടതോടെ എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit