Football in Malayalam

എംബാപ്പെക്ക് ഗ്രീസ്‌മാനോട് അസൂയ, ഫ്രാൻസ് ടീമിലെ സാഹചര്യം ഗുരുതരമെന്നു റിപ്പോർട്ടുകൾ

Sreejith N
FBL-EURO-2020-2021-FRIENDLY-FRA-BUL
FBL-EURO-2020-2021-FRIENDLY-FRA-BUL / FRANCK FIFE/Getty Images
facebooktwitterreddit

യൂറോ കപ്പിൽ സ്വിറ്റസർലൻഡിനോട് അപ്രതീക്ഷിത തോൽവി ഫ്രാൻസ് പുറത്തായതിനു പിന്നാലെ ടീമിലെ സാഹചര്യങ്ങൾ ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. മത്സരത്തിനു ശേഷം മധ്യനിര താരമായ അഡ്രിയാൻ റാബിയട്ടിന്റെ അമ്മ പോഗ്ബ, എംബാപ്പെ എന്നിവരുടെ കുടുംബാംഗങ്ങളുമായി വാക്കേറ്റം നടത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ടീമിലെ സൂപ്പർതാങ്ങളായ എംബാപ്പെയും ഗ്രീസ്‌മാനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയെ അടിസ്ഥാനമാക്കി യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ഫ്രാൻസ് ടീമിൽ ഗ്രീസ്‌മാന്റെ പൊസിഷനും താരത്തിനും കിട്ടുന്ന പ്രാധാന്യത്തിൽ എംബാപ്പെക്ക് അസൂയയാണെന്നും ഇതിന്റെ ഭാഗമായി റയൽ മാഡ്രിഡ് സ്‌ട്രൈക്കറായ കരിം ബെൻസിമയെ അഞ്ചു വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി താരം നടത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെൻസിമ ടീമിലും ആദ്യ ഇലവനിലും ഇടം നേടിയതോടെ ഫ്രാൻസ് ടീമിലെ തന്റെ പൊസിഷനിലും ശൈലിയിലും ഗ്രീസ്‌മാനു മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു.

ടീമിനുള്ളിൽ വളരെ സ്വാർത്ഥതയോടെയായാണ് എംബാപ്പെ പെരുമാറിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ബാഴ്‌സലോണ താരമായ ഗ്രീസ്‌മാൻ സഹതാരങ്ങളെ ഒരുമിച്ചു ചേർത്ത് ഒത്തിണക്കത്തോടെയുള്ള പ്രകടനം കാഴ്‌ച വെക്കാനാണ് ആവശ്യപ്പെട്ടതും ശ്രമിച്ചതും. യൂറോ കപ്പിൽ തന്റെ പ്രതിഭ തെളിയിക്കാൻ പരാജയപ്പെട്ട എംബാപ്പെ ഒരു ഗോൾ പോലും നാലു മത്സരങ്ങളിൽ നിന്നും നേടിയിട്ടില്ലെന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം.

യൂറോ കപ്പിനു മുൻപു തന്നെ എംബാപ്പയും ഫ്രഞ്ച് സഹതാരം ജിറൂദും തമ്മിലുള്ള പ്രശ്‌നങ്ങളുടെ വാർത്തകൾ പുറത്തു വന്നിരുന്നു. ടൂർണമെന്റിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതിനു ശേഷം സഹതാരങ്ങൾ തനിക്ക് കൃത്യമായി പാസ് നൽകുന്നില്ലെന്ന ജിറൂദിന്റെ പരാമർശം എംബാപ്പയെ ചൊടിപ്പിക്കുകയും താരം അതിനെതിരെ രംഗത്തു വരികയും ചെയ്‌തിരുന്നു. യൂറോ കപ്പിനു മുൻപ് ആ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുമുണ്ടായി.

അതേസമയം ടൂർണ്ണമെന്റിലുടനീളം മോശം പ്രകടനം നടത്തുകയും അവസാന മത്സരത്തിൽ ഫ്രാൻസിന്റെ തോൽവിയിലേക്ക് നയിച്ച പെനാൽറ്റി പാഴാക്കുകയും ചെയ്‌ത എംബാപ്പയെ വിമർശിക്കാൻ പരിശീലകനായ ദെഷാംപ്‌സ് തയ്യാറായില്ല. ടീം ഒറ്റക്കെട്ടാണെന്നും ഒരു വ്യക്തി വരുത്തുന്ന പിഴവുകൾ ടീമിന്റെ പിഴയാണ് എല്ലാവരും കരുതുന്നതെന്നുമാണ് ദെഷാംപ്‌സ് അവസാന മത്സരത്തിനു ശേഷം പ്രതികരിച്ചത്.


facebooktwitterreddit