Football in Malayalam

ജിറൂഡിന്റെ പരാമർശം വിവാദമായി, ഫ്രാൻസ് ടീമിനുള്ളിൽ അസ്വാരസ്യം; യൂറോ കപ്പിന് മുൻപ് ടീമിന് തലവേദന

Gokul Manthara
Jun 11, 2021, 12:09 AM GMT+5:30
France v Iceland - UEFA EURO 2020 Qualifier
France v Iceland - UEFA EURO 2020 Qualifier / Jean Catuffe/Getty Images
facebooktwitterreddit

ഈ വർഷത്തെ യൂറോ കപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ഫ്രാൻസ്. മികച്ച രീതിയിലാണ് അവർ അതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതും. അതിനിടെ ഇപ്പോളിതാ ടൂർണമെന്റ് കൊടികയറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസ് ടീമിനുള്ളിൽ ചില അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടുവെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നു‌. കഴിഞ്ഞ ദിവസം ബൾഗേറിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിന് ശേഷം സൂപ്പർ താരം ഒളിവർ ജിറൂഡ് നടത്തിയ പ്രതികരണത്തിൽ നിന്നാണ് ടീമിനുള്ളിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് റിപ്പോർട്ട് ചെയ്യുന്നത്.

ബൾഗേറിയക്കെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി കളിക്കാനിറങ്ങിയ ഒളിവർ ജിറൂഡ് രണ്ട് ഗോളുകളും സ്കോർ ചെയ്തിരുന്നു. മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരിലൊരാൾ തന്റെ ഒതുങ്ങിയ കളിയെക്കുറിച്ച് ചോദിച്ചപ്പോൾ കളിക്കിടെ താൻ ആവശ്യപ്പെട്ടിട്ടും പലപ്പോളും പന്ത് തനിക്ക് ലഭിച്ചില്ലെന്ന് ജിറൂഡ് മറുപടി നൽകുകയായിരുന്നു. മത്സരത്തിൽ തനിക്ക് പലപ്പോളും പാസ് നൽകാൻ സഹതാരങ്ങൾ തയ്യാറായില്ലെന്ന് പറഞ്ഞ ജിറൂഡ്, കുറച്ച് കൂടി കാര്യക്ഷമത പുലർത്തി കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കൂടുതൽ ഗോളുകൾ നേടാൻ തങ്ങൾക്ക് കഴിയുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

ടീമിലെ ‌തന്റെ സഹതാരമായ കെയ്ലിൻ എംബാപ്പെയെ ഉന്നം വെച്ചു കൊണ്ടായിരുന്നു ജിറൂഡിന്റെ ഈ വാക്കുകളെന്നും മത്സരത്തിനിടെ എംബാപ്പെ തനിക്ക് പിന്തുണ നൽകിയില്ലെന്ന തോന്നലാണ് ജിറൂഡ് ഇങ്ങനെ പറയാൻ കാരണമെന്നും പിന്നാലെ റിപ്പോർട്ടുകൾ വന്നു‌. ഇതോടെയാണ് സംഭവം വലിയ വിവാദമായത്.

ജിറൂഡിന്റെ പ്രതികരണത്തിൽ അസ്വസ്ഥനായ എംബാപ്പെ‌ ഇക്കാര്യം വിശദീകരിക്കുന്നതിനായി ഇന്നലെ പത്രസമ്മേളനം നടത്താൻ തയ്യാറെടുത്തതായാണ് ഫ്രാൻസിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ദേശീയ ടീം പരിശീലകൻ ദിദിയർ ദെഷാംപ്സ് അതിൽ നിന്ന് പിന്മാറാൻ എംബാപ്പെയോട് ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ്‌ സൂചനകൾ. സംഭവം വലിയ ചർച്ചയായതോടെ ജിറൂഡ് എംബാപ്പെയോട് മാപ്പു പറഞ്ഞെന്നും ഫ്രാൻസിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു‌

അതേ‌ സമയം ജിറൂഡിന്റെ അഭിപ്രായ പ്രകടനങ്ങൾ ഫ്രാൻസിന്റെ ഡ്രെസ്സിംഗ് റൂമിനെ ബാധിച്ചിട്ടില്ലെന്നും എന്നാൽ എംബാപ്പെയെ അത് വല്ലാതെ അസ്വസ്ഥനാക്കിയെന്നുമാണ് സൂചനകൾ. എന്തായാലും യൂറോ കപ്പ് അടുത്തെത്തി നിൽക്കെ സംഭവിച്ചിരിക്കുന്ന ഈ അനിഷ്ട സംഭവങ്ങൾ ഫ്രാൻസ് ടീമിന് വലിയ തലവേദന ആകാതെ നോക്കേണ്ടതുണ്ട് പരിശീലകനായ ദെഷാംപ്സിന്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit