പതിനാലു താരങ്ങളെ പിഎസ്‌ജിയിൽ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് കിലിയൻ എംബാപ്പെ
By Sreejith N

പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിട്ടതിനു പിന്നാലെ ടീമിലെ പതിനാലു താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് കിലിയൻ എംബാപ്പെ. നെയ്‌മറും പോച്ചട്ടിനോയുമടക്കം ഈ സമ്മറിൽ പതിനാലു താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്ന സ്‌പാനിഷ് മാധ്യമം മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടാണ് എംബാപ്പെ തള്ളിക്കളഞ്ഞത്.
റയൽ മാഡ്രിഡും പിഎസ്‌ജിയും സമാനമായ ഓഫറാണ് മുന്നോട്ടു വെച്ചതെങ്കിലും തന്റെ സ്വപ്‌നക്ലബായ റയൽ മാഡ്രിഡിനെ എംബാപ്പെ തഴയുകയാണു ചെയ്‌തത്. പിഎസ്‌ജിയുടെ സ്പോർട്ടിങ് വിഷയത്തിലടക്കം ഇടപെടലുകൾ നടത്താൻ എംബാപ്പക്ക് അധികാരം നൽകിയതു കൊണ്ടാണ് കരാർ പുതുക്കിയതെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് ചില കളിക്കാരെ ഒഴിവാക്കാൻ താരം ആവശ്യപ്പെട്ടുവെന്ന വാർത്തകളും പുറത്തു വന്നത്.
FAKE ❌
— Kylian Mbappé (@KMbappe) June 2, 2022
റിപ്പോർട്ടുകൾ പ്രകാരം പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ, സൂപ്പർതാരം നെയ്‌മർ എന്നിവർക്കു പുറമെ തിലോ കെഹ്ലർ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ഡാനിയൽ പെരേര, ലിയാൻഡ്രോ പരഡെസ്, ആൻഡർ ഹെരേര, ലായ്വിൻ കുർസാവ, മൗറോ ഇകാർഡി, പാബ്ലോ സാറാബിയ, യുവാൻ ബെർനറ്റ്, ഇഡ്രിസ ഗുയെ, കോളിൻ ഡാഗ്‌ബ, സെർജിയോ റിക്കോ എന്നിവരെയാണ് എംബാപ്പെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അഭ്യൂഹങ്ങൾ എംബാപ്പെ പൂർണമായും നിഷേധിക്കുകയായിരുന്നു. ഈ വാർത്ത റിപ്പോർട്ടു ചെയ്‌ത സ്‌പോർട്ബൈബിളിന്റെ പോസ്റ്റിനു കീഴെ അതു വ്യാജവാർത്തയാണെന്ന് കമന്റായാണ് എംബാപ്പെ കുറിച്ചത്. നിലവിൽ ഫ്രഞ്ച് ദേശീയടീമിനൊപ്പമാണ് എംബാപ്പയുള്ളത്.
അതേസമയം ഈ സമ്മറിൽ പിഎസ്‌ജി ടീമിൽ ഒരു അഴിച്ചുപണി ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിരവധി താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിൽ എല്ലാ കിരീടങ്ങൾക്കായും തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് പിഎസ്‌ജി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.